കൊച്ചി: ചില്ലറ വില്‍പനയില്‍ വില ഗ്രാമിനു 15,000 രൂപ. മൈക്രോഗ്രാം ഉപയോഗിച്ചാല്‍ പോലും രണ്ടു ദിവസത്തോളം മയങ്ങിക്കിടക്കും. അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ മരണം വരെ സംഭവിക്കും. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും വിലയേറിയ മെഥിലിന്‍ ഡയോക്‌സി മെറ്റാ ആംഫിറ്റമിന്‍ എന്ന മയക്കുമരുന്ന് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത് കൊച്ചിയില്‍ നിന്നായിരുന്നു. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടുമ്പോള്‍ കോഴിക്കോട് ചെറിയ ചക്കാല തോപ്പുംപാറ സി.പി. വീട്ടില്‍ സവാദിന്റെ പക്കല്‍ 50 ഗ്രാം മരുന്നുണ്ടായിരുന്നു.
ഈ ഇനത്തില്‍പ്പെട്ട 10 ഗ്രാം മയക്കുമരുന്നുപോലും കൈവശം വയ്ക്കുന്നത് 20 വര്‍ഷംവരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ രാസലഹരി മാക്‌സ് ജെല്ലി എക്‌സ്റ്റസി എന്നറിയപ്പെടുന്നത്. ചിലയിനം ജെല്ലി ഫിഷുകള്‍ വിഷമുള്ളവ ആതിനാലാണ് എംഡിഎംഎയ്ക്കു ലഹരിമരുന്ന് ഇടപാടുകാര്‍ ‘മാക്‌സ് ജെല്ലി എക്‌സ്റ്റസി’ എന്നു പേരിട്ടത്. മൈക്രോ ഗ്രാം ഉപയോഗിച്ചാല്‍ പോലും 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലാകുമെന്നു പറയുന്നു. അളവും ഉപയോഗവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ഈ മരുന്ന് കൈവശം വെയ്ക്കുന്നത് 100 കിലോഗ്രാം കഞ്ചാവ് പിടികൂടുന്നതിനു തുല്യമായ കുറ്റകൃത്യമാണിത്. ഈ ഇനത്തില്‍പ്പെട്ട അര ഗ്രാം ലഹരിമരുന്നു കയ്യില്‍ വച്ചാല്‍ പോലും 10 വര്‍ഷം കഠിന തടവാണ് ശിക്ഷ. 10 ഗ്രാമിനു മുകളിലാണെങ്കില്‍ 20 വര്‍ഷം വരെ കഠിനതടവു ലഭിക്കാം. നിശാപാര്‍ട്ടികള്‍ക്കായി എത്തിച്ച 50 ഗ്രാം മയക്കുമരുന്നാണ് 27 കാരന്‍ സവാദില്‍ നിന്നു പിടികൂടിയത്. മെക്‌സിക്കന്‍ ഡ്രഗ് മാഫിയ തലവന്‍ ഗുസ്മാന്റെ പേരാണു ഡ്രഗ് മാഫിയ സംഘത്തില്‍ സവാദിന്റെ അപരനാമം. ഏറെക്കാലം വിദേശ രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്ന പ്രതി ആ ജോലി ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കടത്ത് ആരംഭിച്ചത്.