”എല്ലാവരും പറഞ്ഞു, നീതി തരാമെന്ന്, കെവിന്‍ ചേട്ടന്റെ മരണത്തിനു കാരണക്കാരനായ എസ്.ഐ വീണ്ടും പോലീസില്‍ എത്തുന്നു, ഇതാണോ ഞങ്ങള്‍ക്കു ലഭിച്ച നീതി” ; മനം:നൊന്ത് കെവിന്റെ ഭാര്യ നീനു

കോട്ടയം: ”ഇതാണോ ഞങ്ങള്‍ക്കു ലഭിച്ച നീതി” – കെവിന്‍ കേസില്‍ ആരോപണവിധേയനായി സര്‍വീസില്‍ നിന്നു പുറത്താക്കിയ എസ്.ഐ. ഷിബുവിനെ തിരിച്ചെടുത്തറിഞ്ഞ കെവിന്റെ ഭാര്യ നീനു ചോദിക്കുന്നു. ”എല്ലാവരും പറഞ്ഞു, നീതി തരാമെന്ന്, കെവിന്‍ ചേട്ടന്റെ മരണത്തിനു കാരണക്കാരനായ എസ്.ഐ വീണ്ടും പോലീസില്‍ എത്തുന്നു, ഇതാണോ നീതി. തന്നെ ബലമായി വീട്ടുകാര്‍ക്ക് പിടിച്ചുകൊണ്ടു പോകാന്‍ അനുവാദം കൊടുത്തത് ഈ ഉദ്യോഗസ്ഥനാണ്.

പ്രായപൂര്‍ത്തിയായ ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ നിയമസഹായം ചെയ്യേണ്ട ഉദ്യോഗസ്ഥനാണ് തന്റെ വീട്ടുകാര്‍ക്കൊപ്പം നിന്നത്. ഒടുവില്‍ കെവിന്‍ ചേട്ടനെ എന്നെന്നേക്കുമായി ഇല്ലാതാക്കി. മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയപ്പോഴും കോടതിയില്‍ മൊഴി കൊടുത്തപ്പോഴുംതാന്‍ പറഞ്ഞതാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്ത ക്രൂരത. അന്ന് ഇയാളെ പുറത്താക്കിയപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു. ഇങ്ങനെ തരംതാഴ്ത്തി തിരിച്ചെടുക്കാനാണെങ്കില്‍ എന്തിനാ പുറത്താക്കിയത്” തകര്‍ന്ന മനസോടെ നീനു മാധ്യമങ്ങളോടു പറഞ്ഞു.