പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാനും തിരുത്താനും സി.പി.എമ്മില്‍ സംയുക്തനീക്കം, പഴയ വി.എസ്. അനുകൂലികള്‍ക്കൊപ്പം പിണറായിവിരുദ്ധരും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ സി.പി.എമ്മില്‍ തിരുത്തല്‍വാദ ഗ്രൂപ്പ് രൂപപ്പെടുന്നു. പഴയ വി.എസ്. അനുകൂലികള്‍ക്കൊപ്പം പിണറായിവിരുദ്ധരും ചേര്‍ന്നാണു പുതിയ നീക്കത്തിനു കളമൊരുക്കുന്നത്. 31-നു നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണു വിലയിരുത്തല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യമാണു പരാജയത്തിനു പ്രധാന കാരണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. അതു ചോദ്യംചെയ്യാനുള്ള ധൈര്യം ആര്‍ക്കുമില്ലെന്ന അവസ്ഥ മാറ്റുകയെന്ന ലക്ഷ്യമാണു പുതിയ നീക്കത്തിനു പിന്നില്‍. തെരഞ്ഞെടുപ്പു തോല്‍വിയില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ, സംസ്ഥാന ഘടകത്തിനെതിരേ പരോക്ഷമായി പ്രതികരിച്ചതോടെയാണു തിരുത്തല്‍വാദ സംഘം സജീവമാകുന്നത്.

മുമ്പു പിണറായിപക്ഷത്തിനെതിരേ ശക്തമായ നിലപാടെടുത്ത വി.എസ്. അനുകൂലികളെ വെട്ടിനിരത്തുകയാണുണ്ടായത്. എതിര്‍ശബ്ദം ഇല്ലാതായതോടെ സ്വാഭാവികമായും വിഭാഗീയത ഇല്ലാതായി. അന്നുമുതല്‍ ചാരംമൂടിക്കിടന്ന കനലാണ് അവസരം തിരിച്ചറിഞ്ഞ് എരിഞ്ഞുതുടങ്ങുന്നത്. ബ്രാഞ്ച് തലം മുതല്‍ ചലനമുണ്ടാക്കാനുള്ള നീക്കത്തില്‍ സമാന നിലപാടുള്ളവരെ ഏകോപിപ്പിക്കും. മയങ്ങിക്കിടക്കുന്ന വി.എസ്. അനുകൂല സ്ലീപ്പര്‍ സെല്ലുകളെ ഉണര്‍ത്താനുള്ള ശ്രമവും ആരംഭിച്ചു.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തിയതു വിഭാഗീയത ആളിക്കത്തിച്ചു. മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ അന്നു കേന്ദ്രകമ്മിറ്റിയില്‍ പിണറായിക്കും മറ്റുമെതിരേ നടത്തിയ പ്രസംഗം വിവാദമായി. പിന്നീടായിരുന്നു വെട്ടിനിരത്തല്‍.

പിണറായിക്കെതിരേ സംസാരിക്കാന്‍ ആരും ധൈര്യപ്പെടാതിരിക്കുന്ന അവസ്ഥ തിരുത്താനാണു നീക്കം നടക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ സമാനമനസ്‌കര്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്. പല ജില്ലകളിലും രഹസ്യമായി യോഗങ്ങള്‍ നടക്കുന്നു.

ഇതിനിടെ, സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അടിത്തറ ഇളകിയെന്നു പാര്‍ട്ടി നേതൃത്വവും സമ്മതിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍നിന്നു വന്‍ വോട്ടുചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം സ്വയം വിമര്‍ശനപരമായി പരിശോധിക്കുമെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിരിച്ചടിയെക്കുറിച്ച് ആത്മപരിശോധന നടത്തി പാഠങ്ങള്‍ ഉള്‍ക്കൊള്ളും. കേരളത്തില്‍ ഉള്‍പ്പെടെ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വിപരീതസ്വാധീനം ഉണ്ടാക്കിയിട്ടുണ്ടോ എന്നകാര്യം പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിനോട് ദേശീയതലത്തില്‍ പുലര്‍ത്തിയ മൃദുസമീപനമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളാഘടകം വാദിച്ചു. ദേശീയതലത്തില്‍ സംയുക്ത പ്രതിപക്ഷനിരയില്‍ സി.പി.എം. കോണ്‍ഗ്രസിനൊപ്പം നിന്നതാണ് കേരളത്തില്‍ പാര്‍ട്ടിക്കു വലിയ തിരിച്ചടി ഉണ്ടാക്കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വിശ്വാസസമൂഹം അകന്നതും വോട്ടുചോര്‍ച്ചയും തിരിച്ചറിയുന്നതില്‍ സംസ്ഥാനഘടകം പരാജയപ്പെട്ടെന്ന പി.ബിയുടെ വിമര്‍ശനത്തെ പ്രതിരോധിച്ചാണ് സംസ്ഥാനഘടകത്തിന്റെ ഈ നിലപാട്. കൂടുതല്‍ വിലയിരുത്തലുകള്‍ 30,31 ജൂണ്‍ ഒന്ന് തീയതികളില്‍ ചേരുന്ന കേരളത്തിലെ സംസ്ഥാന സമിതി യോഗത്തില്‍ നടത്തുമെന്നു യെച്ചൂരി അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ എല്ലാം തന്നെ വന്‍ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. പാര്‍ട്ടിനയങ്ങളില്‍ പാളിച്ച പറ്റിയിട്ടുണ്ടോ എന്നുപരിശോധിച്ചശേഷമേ വിലയിരുത്താനാകൂ.

ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സി.പി.എമ്മിനേറ്റ വലിയ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാല്‍ പാര്‍ട്ടി കൂട്ടുത്തരവാദിത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.