കോട്ടയം : പി.ജെ ജോസഫ് ഇനി രാഷ്ട്രീയം നിര്‍ത്തി വല്ല പശുക്കറവയ്ക്കും പോകുന്നതാണ് നല്ലതെന്ന് പി.സി ജോര്‍ജ്. പി.ജെ ജോസഫിനോട് കെ.എം മാണി ചെയ്തത് അനീതിയെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ് പറഞ്ഞു.
പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് ആവശ്യപ്പെട്ടാല്‍ സീറ്റ് കൊടുക്കുക എന്നത് മര്യാദയാണ്. അത് കൊടുക്കാതെയാണ് ഇപ്പോള്‍ സ്ഥിരം തോല്‍ക്കുന്ന ഒരു ആളെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ജോസ് കെ.മാണിയ്ക്ക് വി എന്‍ വാസവനുമായി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് രഹസ്യക്കച്ചവടം ഉണ്ടായിരുന്നു. ആ കച്ചവടത്തിലൂടെ ജോസ് കെ.മാണിക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിലാണ് സ്ഥിരം തോല്‍ക്കുന്ന തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി.സി പറഞ്ഞു.
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് പി.ജെ ജോസഫിന് മുന്നില്‍ ഇനി രണ്ടുകാര്യങ്ങളാണ് ഉള്ളത്. ഒന്നുകില്‍ രാഷ്ട്രീയം നിര്‍ത്തി വല്ല പശുക്കറവയും കൃഷിയുമായി മുന്നോട്ടുപോകാം. അതല്ലെങ്കില്‍ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യാം. ജോസഫ് അനീതിക്കെതിരെ യുദ്ധം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാല്‍ പിന്തുണയ്ക്കുമെന്നും ജോര്‍ജ് പറഞ്ഞു.