കള്ളന്മാരെ പേടിച്ച് വീട്ടമ്മ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത് ബുക്കുപേപ്പറുകള്‍ക്ക് ഇടയില്‍… ഒടുവില്‍ 20 പവന്‍ സ്വര്‍ണ്ണം ആക്രിക്കാരന് വിറ്റു…

നേമം : കള്ളന്മാരെ പേടിച്ച് വീട്ടമ്മ ബുക്ക്‌പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ച 20 പവന്‍ സ്വര്‍ണ്ണം പത്രപേപ്പറുകള്‍ക്കൊപ്പം ആക്രിക്കാരന് വിറ്റു. മണിക്കൂറുകള്‍ക്ക് ശേഷം അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പോലീസ് സഹായത്തോടെ ആക്രമിക്കടയില്‍ പരിശോധന നടത്തി 17 പവന്‍ വീണ്ടെടുത്തു.

സ്വര്‍ണ്ണം കിട്ടിയില്ലെന്ന് വീട്ടമ്മയോടും പോലീസിനോടും പറഞ്ഞ കരിമഠം കോളനിക്ക് സമീപം താമസിക്കുന്ന തിരുനല്‍വേലി സ്വദേശി സുബ്രഹ്മണ്യനെ (34) വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു.

പഴയ ബുക്കുകളും മറ്റ് സാധനങ്ങളുമായി ഇയാള്‍ പോയ ശേഷമാണ് വീട്ടമ്മയ്ക്ക് സ്വര്‍ണ്ണം കവറില്‍ പൊതിഞ്ഞ് ബുക്കിലെ പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന കാര്യം ഓര്‍മ്മ വന്നത്. ഉടന്‍ തന്നെ മകളുടെ സ്‌കൂട്ടറില്‍ അട്ടക്കുളങ്ങരയിലെ കടയിലെത്തി സ്വര്‍ണ്ണം തിരികെ ചോദിച്ചുവെങ്കിലും താന്‍ കണ്ടില്ലെന്നും വഴിയില്‍ വീണുപോയിരിക്കാമെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്. പോലീസ് എത്തിയപ്പോഴും ഇത് ആവര്‍ത്തിച്ചു.

പരാതിയില്‍ വീട്ടമ്മ ഉറച്ചു നിന്നയോടെ പോലീസ് കടയിലെത്തി നടത്തിയ രിശോധനയില്‍ 17 പവന്‍ സ്വര്‍ണ്ണം കണ്ടെടുത്തു. ബാക്കി മൂന്ന് പവന്‍ എവിടെയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.