മഹാരാഷ്ട്രയില്‍ വിവാഹത്തിന് മുമ്പ് നവവധുക്കളുടെ കന്യകാത്വ പരിശോധന നടത്തി ; ഇത്തരം ആചാരങ്ങള്‍ ഇനിമുതല്‍ നിയമവിരുദ്ധമാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ചില സമുദായക്കാര്‍ക്കിടയില്‍ നില നില്‍ക്കുന്ന വിവാഹത്തിന് മുമ്പ് വധു കന്യകയാണോയെന്ന് പരിശോധിക്കുന്ന ആചാരം നിയമ വിരുദ്ധമാക്കി മഹാരാഷ്ട്രാ സര്‍ക്കാര്‍. കന്യകാത്വ പരിശോധന പോലെയുള്ള ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു സാമൂഹ്യസംഘടന നടത്തിയ പരിപാടിയില്‍ ഇത്തരം ആചാരങ്ങള്‍ ലൈംഗികാതിക്രമമായി പരിഗണിക്കുമെന്നും ശിക്ഷ നല്‍കുമെന്നും ആഭ്യന്തരമന്ത്രി രഞ്ജീത് പാട്ടീല്‍ വ്യക്തമാക്കി.

പുതിയതായി വിവാഹം ചെയ്തു വരുന്ന പെണ്‍കുട്ടി കന്യകയാണോ എന്ന് പരിശോധിക്കുന്ന വിചിത്ര ആചാരങ്ങള്‍ മഹാരാഷ്ട്രയിലെ കാഞ്ഞാര്‍ഭട്ട് സമുദായം പോലെയുള്ളവര്‍ക്കിടയില്‍ പതിവാണ്. ഇത്തരം ആചാരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സമുദായത്തിലെ തന്നെ ഒരു കൂട്ടം യുവാക്കള്‍ തന്നെ ഇത്തരം ദുരാചാരങ്ങള്‍ അവസാനിപ്പിക്കണം എന്ന പ്രചരണവുമായി രംഗത്ത് വന്നിരുന്നു. ആചാരത്തിനെതിരേ ശിവസേനയും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്കായി നിര്‍ബ്ബന്ധിക്കുന്നവര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കണമെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറേ ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഇത്തരം സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്ത ദേശീയ വനിതാകമ്മീഷന്‍ ഗൗരവമായി എടുത്തിരുന്നു. ഇത്തരം ആചാരങ്ങള്‍ ഖേദകരവും മനൂഷ്യാവകാശ ലംഘനവും സല്‍പ്പേരിന് കളങ്കം വരുത്തുന്നതുമാണെന്ന് അവര്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ വനിതാശിശു ക്ഷേമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. പൂനെയില്‍ രണ്ടു യുവതികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് ഈ വിഷയത്തിലേക്ക് ഗൗരവതരമായ ശ്രദ്ധ വന്നത്.

LEAVE A REPLY