മകളുടെ കാമുകനെ അച്ഛന്‍ കുത്തിക്കൊന്നു, ഇരുവരും സംസാരിക്കവെ കത്തിയായി എത്തിയ പ്രതി യുവാവിനെ കുത്തിവീഴ്ത്തി

അമ്പലപ്പുഴ: മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ കുത്തിക്കൊന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കല്‍ അറവുളശേരി വീട്ടില്‍ ജോസഫ് (സാബു) – റോസമ്മ ദമ്പതികളുടെ മകന്‍ കുര്യനാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് വാടക്കയ്ക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമനെ (42) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ വാടയ്ക്കല്‍ ദൈവജനമാത പള്ളിക്ക് സമീപമായിരുന്നു സംഭവം. സോളമന്റെ മകളും കുര്യനും തമ്മില്‍ ഒന്നര വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ കുര്യനെ സോളമന്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് താക്കീതും ചെയ്തു.

എന്നാല്‍ ഞായറാഴ്ച ബൈബിള്‍ ക്ലാസ് കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടിയുമായി കുര്യന്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ഇതുവഴിയെത്തിയ സോളമന്‍ കത്തി കൊണ്ട് യുവാവിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് സോളമന്‍ മകളെയും കൂട്ടി വീട്ടിലേക്കു പോയ ശേഷം സ്ഥലം വിട്ടു. പ്രദേശവാസികള്‍ കുര്യനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ അഞ്ചിന് മരിച്ചു. പിന്നീട് സോളമനെ പൊലീസ് അറസ്റ്റ് ചെയ്തത്.