കിണറുകള്‍ക്ക് സമീപം മരുന്നുകള്‍ കുഴിച്ചിടാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

എറണാകുളം: കോതമംഗലം വടാട്ടുപാറയില്‍ ജലസ്രോതസ്സുകള്‍ക്ക് സമീപം കാലാവധി കഴിഞ്ഞ മരുന്നുകള്‍ കുഴുച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ജനവാസ മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ഉപയോഗശൂന്യമായ മരുന്നുകള്‍ കുഴിച്ചുമൂടാന്‍ ശ്രമം നടന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.

കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മരുന്നുകളുമാണ് നൂറുകണക്കിന് ചാക്കുകളിലായി കുഴിച്ചുമൂടാന്‍ ഇവിടെ എത്തിച്ചത്. മീന്‍ കുളം നിര്‍മ്മിക്കുന്നതിനായി കുഴിച്ച സ്ഥലത്ത് മരുന്നുകള്‍ ഉപേക്ഷിക്കാനായിരുന്നു നീക്കം. ഹെല്‍ത്ത് ഡ്രിങ്ക്‌സ്, ഷാമ്പൂ, സോപ്പ്, ഗുളികള്‍, ഓയിലുകള്‍, വിവിധതരം ക്രീമുകള്‍, സ്‌പ്രേകള്‍ തുടങ്ങിയവയുടെ വന്‍ശേഖരമാണ് ചാക്കുകളില്‍നിന്നും കണ്ടെത്തിയത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി വിറ്റഴിക്കുന്ന വിലകൂടിയ ഉല്‍പന്നങ്ങളാണ് ഇവയില്‍ അധികവും. ഈ പുരയിടത്തിന് സമീപം കുടിവെള്ള സ്രോതസ്സുകളായ നിരവധി കിണറുകള്‍ ഉള്ളതിനാല്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY