തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ കര്‍ഷകര്‍ക്ക് അനുവദിച്ച 6000 രൂപയ്ക്കായി കേരളത്തില്‍ ലക്ഷക്കണക്കിന് അപേക്ഷകര്‍. കേരളത്തില്‍ മാത്രം എട്ട് ലക്ഷത്തിലേറെ പേരാണ് അപേക്ഷിച്ചിരിക്കുന്നത്. അപേക്ഷിച്ചവരില്‍ 1.27 ലക്ഷം പേരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റിലേക്ക് ചേര്‍ത്തിട്ടുണ്ട്. അപേക്ഷകരില്‍ 19,520 പേര്‍ ആനുകൂല്യത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2101 പേരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് വിവരങ്ങള്‍ എന്നിവ തിരസ്‌കരിക്കപ്പെട്ടു. മാര്‍ച്ച് 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
അപേക്ഷ സ്വീകരിച്ചു തുടങ്ങിയതോടെ വില്ലേജ് ഓഫീസുകളുടേയും സപ്ലൈ ഓഫീസുകളുടേയും കൃഷി ഭവനുകളുടെയും മുന്നില്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ കാര്‍ഡിനായി സപ്ലൈ ഓഫീസിന് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. വില്ലേജ് ഓഫീസില്‍ കരമടയ്ക്കാനുള്ള നീണ്ട മറ്റൊരു ക്യു. അടുത്ത നീണ്ട ക്യു കൃഷിഭവനുകള്‍ക്ക് മുന്നിലാണ്.
രണ്ട് ഹെക്ടറില്‍ (അഞ്ച് ഏക്കര്‍) താഴെ കൃഷി ഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതാണ് പദ്ധതി. കര്‍ഷകരുടേയും കാര്‍ഷിക പെന്‍ഷന്‍ വാങ്ങുന്നവരുടെയും കൃത്യമായ വിവരങ്ങള്‍ കൃഷിഭവനുകളിലുണ്ട്. അതില്‍ നിന്ന് ഗുണഭോക്താക്കളെ കണ്ടെത്താമെന്നിരിക്കെയാണ് ഇങ്ങനെ വന്‍തോതില്‍ അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകര്‍ക്ക് പരമാവധി അഞ്ചേക്കര്‍ കൃഷി ഭൂമിയേ ആകാവൂ എന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും കുറഞ്ഞത് എത്ര ഭൂമി ആകാമെന്ന് പറഞ്ഞിട്ടില്ല. ഇതാണ് അപേക്ഷകരുടെ തള്ളിക്കയറ്റത്തിന് കാരണം.
അപേക്ഷിക്കുന്ന സമയത്ത് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണമെങ്കിലും കാര്‍ഡില്‍ തൊഴില്‍ കൃഷി എന്ന് രേഖപ്പെടുത്തണമെന്ന് നിബന്ധനയില്ല. യാതൊരു കൃഷിയും ചെയ്യുന്നില്ലെങ്കിലും സ്വന്തമായി ഭൂമിയുള്ള ആര്‍ക്കും അപേക്ഷിക്കാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ബാങ്ക് പാസ്ബുക്ക്, കരമടച്ച രസീത്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ആര്‍ക്കും അപേക്ഷിക്കാം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആദായ നികുതി അടയ്ക്കുന്നവര്‍ക്കും അപേക്ഷിക്കാനാകില്ല. അപേക്ഷകരുടെ തള്ളിക്കയറ്റം മൂലം യഥാര്‍ത്ഥ കര്‍ഷകരില്‍ പലര്‍ക്കും അപേക്ഷിക്കാനാകാതെ തിരികെ പോരേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോള്‍ തനെന് അപേക്ഷകരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാന്‍ സമയമുണ്ടെന്നിരിക്കെ ഇനിയും അപേക്ഷകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചന. അതേസമയം കേരളത്തില്‍ ഇത്രയും കര്‍കഷരുണ്ടോ എന്ന സംശയവും ട്രോളുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ഇത്രയും കര്‍ഷകരുണ്ടെങ്കില്‍ എന്തിനാണ് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി ഇറക്കുന്നത് എന്നാണ് പ്രചരിക്കുന്ന പ്രധാന ട്രോളുകളിലൊന്ന്.