പള്‍സറിന്റെ ‘എഞ്ചിനഴിച്ച്’ പോലീസ് തെളിവെടുക്കുന്നു: വാ തുറക്കാന്‍ വിസമ്മതിച്ച് സുനി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോ കേസില്‍ എറണാകുളം ജില്ല കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കവെ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്‌ളബില്‍ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കേണ്ടതിനാല്‍ രാത്രി വൈകിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

ചോദ്യം ചെയ്യലുമായി സുനി പൂര്‍ണ്ണമായും സഹകരിക്കുന്നില്ലെന്നാണ് സൂചന. പ്രാഥമിക ചോദ്യം ചെയ്യലില്‍ സിനിമ മേഖലയിലെ ആരുടെയും പേര് ഇയാള്‍ പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടലായിരുന്നു ലക്ഷ്യമെന്ന നിലപാടിലാണ് പ്രതി. ഇതിനായി ഒരുമാസമായി പദ്ധതി ആസൂത്രണത്തിലായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വ്യക്തമാക്കിയതെന്നാണ് പൊലീസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ സുനിയുടെ വിശദീകരണം അപ്പാടെ വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതിക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് മുന്നോട്ടുപോകുന്നത്.

പള്‍സര്‍ സുനി ഒറ്റക്ക് ആസൂത്രണം ചെയ്തതാണോ അതോ ഇതിന് പിന്നില്‍ മറ്റുള്ളവര്‍ ഉണ്ടോ എന്ന കാര്യവും ആരായുന്നുണ്ട്. നടിയെ മനപ്പൂര്‍വ്വം കുടുക്കാന്‍ സമൂഹത്തിലെ ഉന്നതരുമായി പ്രതി ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന ഉറച്ച നിലപാടിലാണ് പൊലീസ്. എന്നാല്‍, ഗൂഢാലോചനയില്‍ ആരൊക്കെ പങ്കെടുത്തു എന്ന് വ്യക്തമായിട്ടില്ല. ഇവിടെയാണ് ക്വട്ടേഷന്‍ സാധ്യതകള്‍ ആരായുന്നത്. ക്വട്ടേഷന്‍ സംബന്ധിച്ച് പള്‍സര്‍ സുനി ഇതുവരെ സൂചനയൊന്നും നല്‍കിയിട്ടില്‌ളെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഈ കേസില്‍ ഇതുവരെ പിടിയിലായ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, വിജീഷ്, പള്‍സര്‍ സുനി എന്നീ അഞ്ചുപേരെയും ഒറ്റക്കും കൂട്ടായും ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയിലേക്ക് വെളിച്ചംവീശുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

LEAVE A REPLY