ദോഹ: കാഴ്ചക്കപ്പുറം ചില കാഴ്ചപ്പാടുകള്‍ എന്ന പ്രമേയവുമായി പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ, തൊഴില്‍ ബോധവത്കരണ പരിപാടി, എജ്യൂഫോക്കസ് കാമ്പയിന് തുടക്കമായി. ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, സിവില്‍ സര്‍വ്വന്റ് എന്നീ പതിവ് കാഴ്ചകളില്‍ നിന്ന് വിഭിന്നമായി രാഷ്ട്രപുനര്‍നിര്‍മ്മിതിയില്‍ പങ്കാളികളാകേണ്ട തലത്തിലേക്ക് സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബോധവത്കരണമാണ് കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
പരിപാടിയുടെ ഭാഗമായി കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ്, ഫേസ് ടു ഫേസ് ഇന്ററാക്ഷന്‍, സ്‌കോഡ് വര്‍ക്കുകള്‍, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിക്കും.ഫെബ്രുവരി 3 വെള്ളിയാഴ്ച അബൂഹമൂറിലെ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പരിശീലകരും പങ്കെടുക്കും.
വൈകുന്നേരം 3.30 മുതല്‍ സിജി ഖത്തറുമായി സഹകരിച്ച് കരിയര്‍ എക്സിബിഷന്‍ സംഘടിപ്പിക്കും. ലഖ്തയിലെ ഇസ്ലാഹീ സെന്ററില്‍ വെച്ച് നടന്ന കാമ്പയിന്‍ ലോഞ്ചിംഗ് പരിപാടിയില്‍ ഫോക്കസ് ഖത്തര്‍ സി.ഇ.ഒ. ഷമീര്‍ വലിയ വീട്ടീല്‍, അഡ്മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇംതിയാസ് അനച്ചി, എച്ച്.ആര്‍. മാനേജര്‍ ഫാഇസ് എളയോടന്‍ എന്നിവര്‍ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് പുത്തിറക്കുന്ന പ്രത്യേക പ്രൊമോ വീഡിയോയുടെ ലോഞ്ചിംഗ് പി.ആര്‍. മാനേജര്‍ താജുദ്ദീന്‍ മുല്ലവീടന്‍, ഡെ. മാനേജര്‍. അമീര്‍ ഷാജി എന്നിവര്‍ നിര്‍വ്വഹിച്ചു. ഫോക്കസ് ഇന്ത്യ സി.ഇ.ഒ. യു.പി. യഹ്യാ ഖാന്‍, മുജീബ് റഹ്മാന്‍ മദനി, വളണ്ടിയന്‍ ക്യാപ്റ്റന്‍ മഅ്റൂഫ് അരക്കിണര്‍, അലി ചാലിക്കര, അമീനുറഹ്മാന്‍. എ.എസ്. എന്നിവര്‍ സംസാരിച്ചു.