ദോഹ: ഖത്തറിലെ താമസ കേന്ദ്രങ്ങളില്‍ നിന്ന് ദിനേന പുറന്തള്ളുന്നത് 6000 ടണ്‍ ഖരമാലിന്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അശ്ശര്‍ഖ് പത്രം നടത്തിയ സര്‍വേയിലാണ് പ്രതിദിനം ആറായിരം ടണ്‍ ഖരമാലിന്യം വീടുകളില്‍ നിന്ന് പുറന്തള്ളുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഖത്തര്‍ വന്‍ നഗരവത്ക്കരണത്തിലേക്കാണ് നീങ്ങുന്നത്.
ദോഹയെ കൂടാതെ ചെറിയ ടൗണ്‍ഷിപ്പ് പദ്ധതികള്‍ ഖത്തറില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവിത നിലവാരവും വലിയ അളവില്‍ വര്‍ധിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ഉപേക്ഷിക്കുന്ന പ്രവണത കൂടി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പലപ്പോഴും വഴിയാത്രക്കാര്‍ക്കും മറ്റും ഉപദ്രവകരമായ രീതിയില്‍ ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. മുന്‍സിപ്പല്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇത്തരം ഖരമാലിന്യങ്ങള്‍ റീ സൈക്കിള്‍ ചെയ്തെടുക്കാന്‍ കഴിയുന്ന പ്ലാന്റുകളുടെ നിര്‍മാണത്തെ കുറിച്ച് ആലോചിച്ചു വരികയാണ്.
നിലവില്‍ ഉംസൈദിലുള്ള ഖരമാലിന്യ നിര്‍മാര്‍ജന പ്ലാന്റിന്റെ ശേഷിയിലും അധികമാണ് ദിനേന അവിടെ എത്തുന്ന മാലിന്യത്തിന്റെ അളവ്. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ വിവിധ നഗര സഭകളുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വീവധ ടൗണുകള്‍ കേന്ദ്രീകരിച്ചു അയല്‍ക്കൂട്ടം മാതൃകയില്‍ ദിനേന പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാനും മുന്‍സിപ്പല്‍ മന്ത്രാലയം ആലോചിക്കുന്നതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.