ട്രംപ് പണിതുടങ്ങി; മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ക്കെട്ടുന്നു

ന്യൂയോര്‍ക്ക്: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനൊരുങ്ങി അമേരിക്ക. ഇതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പവച്ചു. മതില്‍ കെട്ടുന്നതോടെ ഇരു രാജ്യങ്ങളും കൂടുതല്‍ സുരക്ഷിതമാകുമെന്നും അനധികൃതമായി ആയുധങ്ങളും പണവും കൈമാറ്റം ചെയ്യുന്നത് അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ വാഗ്ദാനങ്ങള്‍ ഓരോന്നായി ഡോണള്‍ഡ് ട്രംപ് നടപ്പാക്കിത്തുടങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിലുപരി അതിര്‍ത്തി സുരക്ഷിതകമാക്കുന്നതിനുള്ള പ്രധാന നീക്കമാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് സീന്‍ സ്പൈസര്‍ പറഞ്ഞു.

മതില്‍ കെട്ടാന്‍ ചെലവാകുന്ന പണം മെക്സിക്കോ പൂര്‍ണമായി തിരികെ നല്‍കുമെന്നും എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. മതില്‍ കെട്ടുന്നത് മെക്സിക്കോക്കും ഗുണം ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ ഇതിന് ചെലവാകുന്ന തുക ഏതെങ്കിലും തരത്തില്‍ മെക്സിക്കോ തിരികെ നല്‍കും. 2000 മൈല്‍ ദൂരത്തില്‍ മതില്‍ കെട്ടാന്‍ വന്‍തുക ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍. അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ 10,000 ഉദ്യോഗസ്ഥരെ കൂടി നിയമിക്കും.