ന്യൂഡല്‍ഹി: സുപ്രീംകോടതി മുറിയില്‍ വാദത്തിനിടെ ബഹളം വെച്ച് നടപടികള്‍ തടസപ്പെടുത്തിയ അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. മുതിര്‍ന്ന അഭിഭാഷകരെ വാദിക്കാന്‍ അനുവദിക്കാതെ ചില ജൂനിയര്‍ അഭിഭാഷകരുടെ ഉയര്‍ന്ന ശബ്ദത്തിലെ തമ്മിത്തല്ല് ചൂണ്ടിക്കാട്ടി ഇതെന്താ ‘മീന്‍ ചന്തയോ’ എന്നു പോലു ഒരവസരത്തില്‍ ചീഫ് ജസ്റ്റിസ് ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉയര്‍ന്ന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കവെയാണ് അഭിഭാഷകര്‍ അച്ചടക്കമില്ലാതെ കോടതി മുറിയില്‍ ബഹളംവെച്ചത്.ഇത്തരത്തിലൊരു അനുഭവം ജോലിക്കിടയില്‍ ഇതാദ്യമാണെന്നും ഠാക്കൂര്‍ പറഞ്ഞു.
ഇതേസമയം മുതിര്‍ന്ന അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ പി ചിദംബരവും കപില്‍ സിബലും കോടതി മുറിയിലുണ്ടായിരുന്നു. ഇവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെയാണ് അഭിഭാഷകര്‍ കോടതിയില്‍ പെരുമാറിയത്.
ചീഫ് ജസ്റ്റിസിന്റെ വാക്കുകളിലൂടെ…
‘നിങ്ങള്‍ കരുതുന്നുണ്ടോ ചിദംബരത്തേക്കാള്‍ നന്നായി ഇക്കാര്യം നിങ്ങള്‍ക്ക് അറിയാമെന്ന്. അദ്ദേഹത്തെ സംസാരിക്കാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല. ഇത്രയെല്ലാം ഉണ്ടായിട്ടും അദ്ദേഹത്തെ നോക്കൂ, എത്ര ക്ഷമയോടെയാണ് അദ്ദേഹം തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്നത്. അദ്ദേഹത്തെ കണ്ടു പഠിക്കൂ. 23 വര്‍ഷമായി ഞാന്‍ ജഡ്ജിയായിട്ട്. വാദത്തിനിടയില്‍ അഭിഭാഷകരില്‍ നിന്ന് ഇത്തരം ഒരു പെരുമാറ്റം ഇതുവരെയും കണ്ടിട്ടില്ല.
ഇതൊരു മീന്‍ചന്ത പോലെയായിരിക്കുന്നു. വിരമിക്കലിന് മുമ്പായി ഇനി ഒരാഴ്ച മാത്രമാണ് ബെഞ്ചില്‍ ഉണ്ടാവുക. ഇത്തരം ഓര്‍മ്മകളുമായി ഇറങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല. ഇത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയാണ്. വിഷയം അതീവ ഗൗരവവും വൈകാരികവുമാണെന്ന് വെച്ച് കോടതിമുറിയിലെ പെരുമാറ്റത്തിലെ ഔചിത്യം മറക്കരുത്’