ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിക്കുന്നതിന് മുമ്പ് അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കിയിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലെ സെര്‍വര്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഹാക്കര്‍മാരുടെ കൂട്ടായ്മായ ലീജിയണ്‍ ആണ് അവകാശവാദവുമായി രംഗത്തെത്തിയത്.
അപ്പോളോയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ ജയയുടെ ചികിത്സ സംബന്ധമായ രേഖകള്‍ ഉള്ളതായും ഇവ തങ്ങള്‍ പുറത്തു വിടുകയാണെങ്കില്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നും ലീജിയണ്‍ പറയുന്നു.
വാഷിംഗ്ടണ്‍ പോസ്റ്റിന് ലീജിയണ്‍ സംഘം നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലെ പൊതുവ്യക്തിത്വങ്ങള്‍ ഉള്‍പ്പടെ നാല്‍പ്പതിനായിരത്തോളം സെര്‍വറുകളിലെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ലീജിയണ്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്.
ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹത ഉയരുകയും പാര്‍ട്ടി സ്ഥാനത്തിനുവേണ്ടി ഉള്‍കളികള്‍ ചൂടുപിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിവാദ വെള്ിപ്പെടുത്തലുകളുമായി ഹാക്കര്‍മാരുടെ സംഘം രംഗത്തെത്തിയത്. തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും ലീജിയണ്‍ മുന്നറിയിപ്പ് നല്‍കുന്നു.
പനിയും നിര്‍ജ്ജലീകരണവും കാരണമായാണ് ജയലല്‍യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെങ്കിലും പിന്നീട് രോഗവിവരങ്ങളെ കുറിച്ചൊന്നും ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിരുന്നില്ല. ജയലളിതയുടെ അടുത്ത സഹായികളെ മാത്രമാണ് ആശുപത്രിക്കകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. ഇതിനിടെ ജയ ദിവസങ്ങള്‍ക്ക് മുമ്പേ മരണത്തിന് കീഴടങ്ങിയെങ്കിലും അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടില്ലെന്നും, ജയ മരിച്ചരാത്രി തന്നെ തമിഴ്‌നാട്ടില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റതുമെല്ലാം ദുരൂഹതയുടെ ആഴം വര്‍ധിപ്പിച്ചിരുന്നു.