കൊച്ചിയില്‍ അരണ്ട വെളിച്ചത്തുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് നിബന്ധനകളുടെ വിലക്കിട്ട് പോലീസ്

    കൊച്ചി : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിബന്ധനകളുടെ വിലക്കിട്ട് പോലീസ്. അരണ്ട വെളിച്ചത്തുള്ള ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്നും കുടുംബത്തോടൊപ്പം പങ്കെടുക്കാവുന്ന രീതിയില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കണമെന്നും പോലീസ് വ്യക്തമാക്കി.

    കൊച്ചിയിലെ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് സിറ്റി പോലീസ് കമ്മിഷണര്‍ ഇത്തരം നിബന്ധനകള്‍ വ്യക്തമാക്കിയത്. യോഗത്തില്‍ പോലീസ് മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഹോട്ടല്‍ ഉടമകളും അംഗീകരിച്ചു.
    സുരക്ഷയുടെ ഭാഗമായി പോലീസിന്റെ സാന്നിധ്യം നഗരത്തിലുണ്ടാകും. പാര്‍ട്ടി നടക്കുന്ന ഇടങ്ങളില്‍ സിസി ടിവി കാമറകള്‍ വേണം. അതേസമയം, പുതുവത്സരരാവില്‍ സംഗീത വിരുന്നുകള്‍ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, മദ്യം വിളമ്പല്‍ അബ്കാരി ചട്ടം പാലിച്ച് മാത്രമായിരിക്കണമെന്നും പോലീസ് മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    പുതുവത്സര പാര്‍ട്ടികള്‍ 12.30 തോടെ അവസാനിപ്പിക്കുകയും പുലര്‍ച്ചെ ഒരു മണിയോടെ എല്ലാവരും വീട്ടികളിലെത്തുകയും വേണം. നഗരത്തില്‍ രണ്ടുമണി വരെ മാത്രമേ പോലീസ് സുരക്ഷ ഉണ്ടായിരിക്കുകയുള്ളൂ എന്നും അതിന് മുന്‍പായി എല്ലാവരും മടങ്ങിപ്പോയിരിക്കണമെന്നും പോലീസ് അറിയിച്ചു.

    LEAVE A REPLY