അവശ്വസനീയം, ആധികാരികം ഈ ജയം

ചെന്നൈ: ബൗളര്‍മാര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാത്ത ചെപ്പോക്കിലെ പിച്ചിന് അവസാനം ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. അവസാന ദിവസം പത്ത് വിക്കറ്റ് അവശേഷിക്കെ സമനില പിടിക്കാം എന്ന ഇംഗ്ലണ്ടിന്‌റെ സ്വപ്‌നം ജഡേജയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര പൊളിച്ചടുക്കി.

ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 97 റണ്‍സെടുത്തിരുന്ന ഇംഗ്ലണ്ട് ഒരു സമനിലയോടെ നാണക്കേട് ഒഴിവാക്കുമെന്ന് കരുതിയ നിമിഷങ്ങള്‍. ലഞ്ചിനുശേഷം 100 കടന്ന ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ കുക്കിനെ നഷ്ടമായത് 103 റണ്‍സില്‍. ഇത്തവണയും ജഡേജ തന്നെയായിരുന്നു കുക്കിന്റെ അന്തകന്‍. ടീം സ്‌കോര്‍ 110ല്‍ നില്‍ക്കെ ജെന്നിംഗ്‌സിനെയും ജഡേജ മടക്കി.

പിന്നീട് 126ല്‍ റൂട്ടും 129ല്‍ ബെയര്‍‌സ്റ്റോയും വീണതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷയായി. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലെ പോലെ മൊയീന്‍ അലി നില ഉറപ്പിച്ചതോടെ കളി സമനിലയില്‍ അവസാനിക്കുമെന്ന് തോന്നി. എന്നാല്‍ 44 റണ്‍സില്‍ അലിയെയും ജഡേജ വീഴ്തി. അലിക്ക് പിന്നാലെ സ്റ്റോക്‌സും ഡോസണും റഷീദും മടങ്ങിയതോടെ ഇംഗ്ലണ്ടിന്‌റെ തോല്‍വി ഉറച്ചു.

പിന്നീട് വാലറ്റക്കാരായ ബ്രോഡിനെയും ബോളിനെയും ഒരേ ഓവറില്‍ മടക്കി ജഡേജ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. അവസാന ആറ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത് 15 റണ്‍സ് എടുക്കുന്നതിനിടെയാണ്.