കേരളാ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍ വിവാദക്കുരുക്കില്‍; പരാതികള്‍ വാസ്തവ വിരുദ്ധമെന്ന് പിതാവ്

തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണെതിരെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചു. അനുമതിയില്ലാതെ മത്സരത്തിനിടെ ടീമില്‍ നിന്നും വിട്ടു നിന്നുവെന്നും രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിന് സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളെ അസഭ്യം പറഞ്ഞുവെന്നുമുള്ള പരാതികളാണ് അന്വേഷിക്കുന്നത്.
ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

രണ്ടാഴ്ച മുന്‍പ് ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് സഞ്ജുവിന്റെ ഭാഗത്തു നിന്നും അച്ചടക്ക വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അനുമതിയില്ലാതെ ഡ്രസ്സിംഗ് റൂമില്‍ പുറത്തു പോയ സഞ്ജു അര്‍ധരാത്രിയോടെയാണ് തിരിച്ചെത്തിയതെന്നും കട്ടക്കില്‍ ത്രിപുരയ്‌ക്കെതിരെ നടക്കുന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി ഉയര്‍ന്നത്.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.