ജിഷയുടെ അമ്മയ്ക്ക് സെലിബ്രിറ്റി പരിവേഷമോ?: സിനിമാ പ്രൊമോഷന്റെ ഭാഗമായത് എന്തിന്?

    രാജ്യത്തൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിലെ ഇര ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇപ്പോള്‍ സെലിബ്രിറ്റി പരിവേഷം?. 10 കല്‍പ്പനകള്‍ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സിനിമാക്കാര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടതാണ് ജിഷയുടെ അമ്മ രാജേശ്വരിക്ക് എതിരെ പുത്തന്‍ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ഇടയാക്കിയത്.

    jisha-mother

    സിനിമാക്കാര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടതാണ് ജിഷയുടെ അമ്മ രാജേശ്വരിക്ക് എതിരെ പുത്തന്‍ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ഇടയാക്കിയത്

    ചിത്രത്തിലെ നായിക മീര ജാസ്മിന്‍, നായകന്‍ അനൂപ് മേനോന്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് രാജേശ്വരിയും പത്രസമ്മേളനത്തിന് എത്തിയത്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ ചോദ്യം ചെയ്യുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കവെ, ഇത്തരം അക്രമികള്‍ക്കെതിരെ ലിംഗഛേദം ഉള്‍പ്പടെയുള്ള ശിക്ഷകള്‍ വേണമെന്ന് മീര ജാസ്മിന്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് രാജേശ്വരിയും പറഞ്ഞു.

    എന്നാല്‍ ജിഷ വിഷയത്തില്‍ പ്രതികരിക്കുന്നതിന് രാജേശ്വരി തിരഞ്ഞെടുത്ത വഴിയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. സിനിമയിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കുവേണ്ടി രാജേശ്വരി തന്റെ മകളുടെ മരണം ഉപയോഗിക്കുകയാണോ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.

    ജിഷയുടെ മരണത്തിന് ശേഷം സാമ്പത്തിക സഹായം ഉള്‍പ്പടെ കുടുംബത്തിന് ലഭിച്ച നേട്ടങ്ങള്‍ അമ്മ രാജേശ്വരി ദുരുപയോഗം ചെയ്യുന്നതായും, തനിക്ക് ജീവനാംശം ലഭ്യമവാക്കണമെന്നും ആവശ്യപ്പെട്ട് രാജേശ്വരിയുടെ പിതാവ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ലഭിച്ച സഹായങ്ങളിലൂടെ രാജേശ്വരിയും മകളും സുഖജീവിതം ആസ്വദിക്കുകയാണെന്നും മുമ്പ് ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പുത്തന്‍ ആരോപണം.