ഷഹലയുടെ വീട് സന്ദര്‍ശിക്കാന്‍ മന്ത്രിമാരെത്തി; വിദ്യാഭ്യാസ മന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച ഷഹല ഷെറീന്റെ വീട് മന്ത്രിമാരായ സി.രവീന്ദ്രനാഥും വി.എസ്.സുനില്‍കുമാറും സന്ദര്‍ശിച്ചു. ഷഹലയുടെ മാതാപിതാക്കളെ കണ്ട വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആശ്വാസ വാക്കുകള്‍ അറിയിച്ചു. സര്‍വജന ഹൈസ്‌കൂളും പരിസരത്തും മന്ത്രി സന്ദര്‍ശനം നടത്തും.

അതേസമയം, ഷഹലയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന വഴി മന്ത്രി സി. രവീന്ദ്രനാഥിനു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കല്‍പ്പറ്റയിലും ബത്തേരിയിലും സര്‍വജന സ്‌കൂളിനുമുന്നിലുമാണ് പ്രതിഷേധം ഉണ്ടായത്. കല്‍പ്പറ്റയില്‍ എംഎസ്എഫും ബത്തേരിയില്‍ ബിജെപിയും സര്‍വജന സ്‌കൂളിനു മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസുമാണ് മന്ത്രിയെ കരിങ്കൊടികാട്ടിയത്. മന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴിയില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയായിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.