സെറ്റില്‍ കേക്ക് മുറിയ്ക്കുന്നതിനിടെ കയര്‍ത്ത് സംസാരിച്ചു; ശ്രീകുമാര്‍ മേനോനെതിരെ ശക്തമായ ആരോപണവുമായി മജ്ഞു വാര്യര്‍

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ ആരോപണങ്ങള്‍ ശക്തമാക്കി നടി മജ്ഞു വാര്യര്‍. നടിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഒടിയന്‍ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും മഞ്ജു വാരിയര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ആ സമയത്ത് സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചു വരുത്തി അന്വേഷണസംഘം മൊഴിയെടുക്കും.

അന്വേഷണത്തിന്റെ ഭാഗമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് അന്വേഷണസംഘം മൊഴിയടുത്തിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി. ജോസഫ്, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ തുടങ്ങിയവരില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സെറ്റിലുണ്ടായിരുന്നവരുടെ കൂടി മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍നടപടികളിലേയ്ക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് ആലോചിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും താന്‍ മോശക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് മഞ്ജു വാരിയര്‍ ശ്രീകുമാര്‍ മേനോനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്പി സി.ഡി. ശ്രീനിവാസനായിരുന്നു മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തിയത്.