കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ ജനുവരി 11, 12 തീയതികളിലായി പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. ഇതിനായി ഫ്ളാറ്റിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കും. കൂടാതെ ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പദ്ധതി തയാറാക്കാനും തീരുമാനമായി.
11-ാം തീയതി ആല്‍ഫ സെറിന്‍, ഫോളി ഫെയ്ത്ത് ഫ്ളാറ്റുകളാണ് പൊളിക്കുന്നത്. 12ന് ഗോള്‍ഡന്‍ കായലോരവും ജെയിന് ഫ്ളാറ്റും പൊളിക്കും. ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധന്‍ എസ്ബി സര്‍വാതെ, എറണാകുളം ജില്ലാ കളക്ടര്‍, കമ്മിഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ അടക്കമുള്ളവരും റവന്യു ടവറില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. ഫ്ളാറ്റ് പൊളിച്ച് നീക്കാന്‍ ചുമതലയേറ്റെടുത്ത കമ്പനികള്‍ കഴിഞ്ഞ ദിവസം സാങ്കേതിക സമിതിക്ക് ബ്ലാസ്റ്റിംഗ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.