20 മാസത്തിനുള്ളില്‍ 10 പേരെയാണ് സയനൈഡ് ശിവയെന്ന വെല്ലങ്കി സിംഹാദ്രി അറസ്റ്റിലായത്. നിധിതേടിയും രോഗശാന്തിക്കുമായി തന്നെ സമീപിച്ചവര്‍ക്ക് പ്രസാദത്തില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് ഓരോ കൊലപാതകങ്ങളും ഇയാള്‍ നടപ്പിലാക്കിയത്. സ്വന്തം മുത്തശ്ശിയും സഹോദര ഭാര്യയും വാടകക്കെട്ടിടത്തിന്റെ ഉടമയുമെല്ലാം കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം 20 പേര് കൂടി തന്റെ ലിസ്റ്റിലുണ്ടായിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.
വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരില്‍ കായികാധ്യാപകന് നാഗരാജുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരന് നല്കിയ പരാതിയിലാണ് പ്രതി കുടുക്കിലായത്. വീട്ടില്‍ നിന്ന് പണവും സ്വര്‍ണവുമായി നാഗരാജു പോയതായി കണ്ടെത്തിയ പൊലീസ്, സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് ശിവയിലേക്കെത്തിയത്.
ധനാകര്‍ഷണം, നിധി കണ്ടെത്തല്‍, അദ്ഭുത ചികിത്സ എന്നിവയുടെ പേരില്‍ ആളുകളെ ആകര്‍ഷിച്ച് സയനൈഡിലൂടെ നിശബ്ദമായി വകവരുത്തുകയായിരുന്നു. ഇരുതല സര്‍പ്പവും അദ്ഭുത സിദ്ധിയുള്ള നാണയങ്ങളും തന്റെ പക്കലുണ്ടെന്ന് ഇയാള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന ശിവ വസ്തുക്കച്ചവടത്തില്‍ നഷ്ടം വന്നപ്പോഴാണ് പുതിയ തട്ടിപ്പിനിറങ്ങിയത്.