കുട്ടികളുടെ ഓരോ വിജയത്തിലും മാതാപിതാക്കളെപ്പോലെ തന്നെ അധ്യാപകര്‍ക്കും പങ്കുണ്ട്. ഇപ്പോഴിതാ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ ആഹ്ലാദിക്കുന്ന ഒരു ടീച്ചറാണ് സോഷ്യല്‍ മീഡിയയിലെ താരമാകുന്നത്. കുട്ടികള്‍ക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചു നല്കിയ തൃശ്ശൂര്‍ വടക്കാഞ്ചേരി ചിറ്റണ്ട ജ്ഞാനോദയം സ്കൂളിലെ ലൂസി ടീച്ചറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. മറ്റ് സ്കൂളുകളെപ്പോലെ പണം വാരിയെറിയാതെ സീറോ ബഡ്ജറ്റില്‍ ഓവറോള്‍ തൂത്തുവാരിയ ലൂസി ടീച്ചര്‍ സ്കൂളിന്റെ അഭിമാനമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
വമ്പന്മാരുടെ കുത്തക പൊളിച്ചടുക്കി ചിറ്റണ്ട എന്നിങ്ങനെ കുട്ടികള്‍ക്ക് ഹരം പകരുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് ടീച്ചര്‍ വിളിച്ചത്. ടീച്ചര്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്നത് ഏറ്റുചൊല്ലുന്നതുപോലെ കുട്ടികള്‍ വിജയാഹ്ലാദ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുകയും ചെയ്തു.
ചെറുതുരുത്തിയില്‍ നടന്ന വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ എല്‍ പി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും യു പി, അറബിക് വിഭാഗത്തില്‍ മൂന്നാം സ്ഥാനാവുമാണ് ചിറ്റണ്ടി ജ്ഞാനോദയം സ്കൂള്‍ കരസ്ഥമാക്കിയത്. സബ് ജില്ലാ കലോത്സവത്തില്‍ ആദ്യമായാണ് മൂന്നു വിഭാഗങ്ങളുമായി ചിറ്റണ്ട സ്കൂള്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. സ്കൂളിന്റെ വിജയം അധ്യാപകരും കുട്ടികളും നാട്ടുകാരും ആഘോഷമാക്കി. അവര്‍ വിജയികള്‍ക്ക് സ്വീകരണം ഒരുക്കി. സ്കൂളിനടുത്തുള്ള ചിറ്റണ്ട സെന്ററില്‍ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു.