തിരുവനന്തപുരം: കഞ്ചാവ് കടത്തുകാരെ പിടികൂടാന്‍ കേരളാ പോലീസ് ഷാഡോ വിഭാഗം ആന്ധ്രാപ്രദേശില്‍ നടത്തിയ ദൗത്യം ആന്ധ്രാ പോലീസിന്റെ ഇടപെടലിനേത്തുടര്‍ന്നു പരാജയപ്പെട്ടു. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി സ്റ്റേഷന് അതിര്‍ത്തിയില്‍ കേരളാ പോലീസ് കീഴടക്കിയ കഞ്ചാവ് കടത്തുസംഘമാണു നാടകീയമായി രക്ഷപ്പെട്ടത്. കേരളാ പോലീസ് സംഘം ആന്ധ്രാ പോലീസിന്റെ അറസ്റ്റില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്!
കേരളത്തില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തെ പിടികൂടാനാണു തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിലെ എ.എസ്.ഐയുടെ നേതൃത്വത്തില്‍ നാലംഗസംഘം ആന്ധ്രയിലെത്തിയത്. തിരുവനന്തപുരത്തു 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യാത്ര.
ഗോദാവരിയിലെ ഉള്‍നാടന്‍ ഗ്രാമത്തിലെത്തിയ പോലീസ്, ആവശ്യക്കാരെന്ന വ്യാജേന കഞ്ചാവ് മാഫിയയിലെ ആറുപേരെ വരുത്തി. പണം നല്കി അഞ്ചു കിലോ കഞ്ചാവ് വാങ്ങുന്നതിനിടെ സംഘത്തെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. മല്‍പ്പിടിത്തത്തിനിടെ നാലുപേര്‍ രക്ഷപ്പെട്ടെങ്കിലും രണ്ടുപേരെ പിടികൂടി.
സംഭവമറിഞ്ഞ ഗോദാവരി പോലീസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി കേരളാ പോലീസ് സംഘത്തെ ചോദ്യംചെയ്തു. പക്കല്‍ കഞ്ചാവുള്ളതിനാല്‍ കേസെടുക്കുമെന്നും അറിയിച്ചു. ഇതരസംസ്ഥാനത്തു ദൗത്യം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലംഘിച്ചെന്നായിരുന്നു ആരോപണം.
എഫ്.ഐ.ആര്. ഉള്‍പ്പെടെ കാണിച്ച്, കേരളാ പോലീസ് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ആശയക്കുഴപ്പത്തിനിടെ, പിടികൂടിയ രണ്ടു പ്രതികളും രക്ഷപ്പെട്ടു. വിഷയത്തില്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി. ഇടപെട്ടതോടെയാണു കേരളാ പോലീസ് സംഘത്തെ വിട്ടയയ്ക്കാന് ആന്ധ്രാ പോലീസ് തയാറായത്. രഹസ്യസ്വഭാവം നിലനിര്‍ത്തിയില്ലെങ്കില്‍ ദൗത്യത്തിന്റെ വിവരം ചോരുമെന്നതിനാലാണ് ആന്ധ്രാ പോലീസിനെ വിവരം അറിയിക്കാതിരുന്നതെന്നു കേരളാ പോലീസ് പറയുന്നു.