തിരുവന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം നേമത്തെ വസതിയിലേക്ക് മൃതദേഹം അല്‍പ്പസമയത്തിനകം എത്തിക്കും.
ആനന്ദവല്ലി നിരവധി സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങളും കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1992ല്‍ ആധാരം എന്ന സിനിമയിലൂടെയാണ് ആനന്ദവല്ലിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചത്.
കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയാണ്. അറുപതുകളുടെ അവസാനം നാടക ഗാനമേഖലയിലൂടെയാണ് ആനന്ദവല്ലി കലാരംഗത്തേക്ക് വരുന്നത്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം, ദേശാഭിമാനി തീയറ്റേഴ്സ് ആറ്റിങ്ങല്‍, കേരള തീയറ്റേഴ്സ് കോട്ടയം, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സ് തുടങ്ങിയ ട്രൂപ്പുകളില്‍ നടിയായും കഴിവുതെളിയിച്ചു. ആകാശവാണിയില്‍ അനൗണ്‍സറായിരുന്നു.