കൊച്ചി: കെഎല്‍എഫ് കൊക്കോനാട് വെളിച്ചെണ്ണക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന് നിയമനടപടികള്‍ നേരിട്ട ഗള്‍ഫ് മലയാളി നിരുപാധികം മാപ്പുപറഞ്ഞു. ഇതേത്തുടര്‍ന്ന് നിയമനടപടികള്‍ തുടരേണ്ടതില്ലാത്തതിനാല്‍ തങ്ങള്‍ കേസ് പിന്‍വലിക്കുകയാണെന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് അറിയിച്ചു. കെഎല്‍എഫ് നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്േ്രടറ്റ് കണ്ടെത്തിയ എറണാകുളം ജില്ല ആലുവ ഇടയപ്പുറം ചവര്‍ക്കാട് പെരുമ്പിള്ളി അന്‍സാരി സി. എ. ആണ് ഇങ്ങനെ മാപ്പുപറഞ്ഞ് കരാറിലൊപ്പിട്ടത്. ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും കെഎല്‍എഫ് വെളിച്ചെണ്ണയില്‍ മായമില്ലെന്നു ബോധ്യപ്പെട്ടെന്നും ഇതു സംബന്ധിച്ച സത്യമറിയാതെ വ്യാജപ്രചാരണം നടത്തിയതില്‍ ഖേദിക്കുന്നുവെന്നുമുള്ള പ്രസ്താവന തന്റെ ഫേസ്ബുക്കില്‍ പേജില്‍ ആറു മാസക്കാലം പ്രദര്‍ശിപ്പിക്കാമെന്നാണ് കരാര്‍. ഇതിനു പുറമെ തന്റെ ശബ്ദത്തില്‍ റെക്കോഡ് ചെയ്ത സന്ദേശം തന്റെ വാട്സപ്പ് കോണ്ടാക്റ്റിലുള്ള എല്ലാവര്ക്കും കെഎല്‍എഫ് അധികൃതര്‍ക്കും അയക്കാമെന്നു സമ്മതിക്കുകയും അപ്രകാരം ചെയ്യുകയുമുണ്ടായി. കൂടാതെ കെഎല്‍എഫ് വെളിച്ചെണ്ണയുടെ രണ്ട് സാമ്പിളുകള്‍ ഒമാന്‍ തലസ്ഥാനമായ മസ്കറ്റ് മുനിസിപ്പാലിറ്റിയില്‍ പരിശോധനയ്ക്കു നല്കി മായം ചേര്‍ന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടുവെന്നും ഈ ഓഡിയോ ഫയലില്‍ പറയുന്നുണ്ട്.
ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ക്ക് കര്‍ശനമായ പരിശോധനകള്‍ നിലവിലുള്ള ഒമാനില്‍ നിന്നു വാങ്ങിയ കെഎല്‍എഫ് വെളിച്ചെണ്ണയില്‍ പാരഫിന്‍ വാക്സ് കലര്‍ന്നിട്ടുണ്ടെന്ന വ്യാജവിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്.
ഫാറ്റി ആസിഡുകളുടെ തന്മാത്രകളാണ് വെളിച്ചെണ്ണയുടെ ഉള്ളടക്കം. താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് താഴേയ്ക്കു പോകുമ്പോള്‍ ഈ ഫാറ്റി ആസിഡുകള്‍ കട്ട പിടിയ്ക്കാന്‍ തുടങ്ങുന്നു. പിന്നീട് ഇവ ചെറിയ ഗോളരൂപങ്ങളായി (ഗ്രാന്യൂള്‍സ്) താഴേയ്ക്കടിയുന്നു. ഇങ്ങനെ രൂപപ്പെട്ട ഖരവസ്തുവിനെയാണ് പാരഫിന്‍ വാക്സ് എന്നു വിശേഷിപ്പിച്ച് വ്യാജപ്രചാരണം നടത്തിയതെന്ന് കഎല്എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. ശുദ്ധമായ വെളിച്ചെണ്ണ നിര്മാതാക്കളെന്നു പേരു കേട്ട കെഎല്‍എഫിന്റെ വില്‍പ്പനയില്‍ ഇക്കാരണത്താല്‍ ഗണ്യമായ ഇടിവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി നിയമനടപടികള്‍ സ്വീകരിച്ചത്.
കേരോല്‍പ്പന്ന മേഖലയില്‍ 75-ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ളവരും അക്കാരണത്താല്‍ത്തന്നെ ഉത്തരവാദിത്തത്തോടെ ബിസിനസ് ചെയ്തു വരുന്നവരുമാണ് തങ്ങളെന്നും പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ പിന്‍ബലത്തില്‍ തികച്ചും വാസ്തവ വിരുദ്ധമായ സംഗതികള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.