പണമെല്ലാം തീര്‍ന്നു… ഇനി അഭിനയിച്ച് കാശുണ്ടാക്കണം, തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുമുണ്ട്… മോഹങ്ങള്‍ തീരാതെ ജിഷയുടെ അമ്മ രാജേശ്വരി

സര്‍ക്കാര്‍ കൊടുത്ത പണമെല്ലാം തീര്‍ന്നതിനാല്‍ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. ഇന്നലെയാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം ഇവര്‍ അടുപ്പക്കാരുമായി പങ്കിട്ടത്. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ സ്വതന്ത്രയായി മത്സരിക്കണമെന്നുമുണ്ടെന്നും രാജേശ്വരി പറയുന്നു.

നാട്ടുകാര്‍ നല്‍കിയ പണം പലവഴിക്ക് ചെലവായി. വീട്ടില്‍ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറില്‍. അതുകൊണ്ട് ഒരു കിണര്‍കുഴിച്ചു. അതില്‍ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണര്‍കൂടി കൂഴിച്ചു. കിണറു കുഴിച്ചവര്‍ ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം വാങ്ങി; മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു; ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി. ഭയം കാരണം വീടിന് ചുറ്റും ക്യാമറ വച്ചും കുറേ കാശു പോയി.

ജിഷയുടെ വലിയ ആഗ്രഹമായിരുന്നു ചെറിയൊരു ജിമിക്കി കമ്മല്‍ വാങ്ങിക്കണമെന്ന്. അതുകൊണ്ട് പൈസ്സ ഉണ്ടായപ്പോള്‍ ഞാനത് വാങ്ങി. ദീപമോള്‍ക്കും കൊച്ചിനും എനിക്കും കുറച്ച് സ്വര്‍ണം വാങ്ങി. പണം ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ചെലവാക്കാവു എന്ന് സാറന്മാര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതൊക്കെ വാങ്ങിയത്. രാജമാണിക്യം സാര്‍ എസ് ബി ഐ യില്‍ നിക്ഷേപിച്ച ,നാട്ടുകാര്‍ നല്‍കിയ പണത്തില്‍ നിന്നാണ് ഇതൊക്കെ ചെയ്തത്. ആശുപത്രിയില്‍ കിടന്നപ്പോഴും ഒരുപാട് കാശ് ചെലവായി. കുറച്ചു പണം കൂടി പണം കൂടി വേണമെന്ന് പറഞ്ഞപ്പോള്‍ ബാങ്കിലെ മേഡം പറഞ്ഞു പണംമൊക്കെ തീരാറായി എന്ന്. ഇതിലെന്തോ തിരിമറയുണ്ടെന്നാണ് തോന്നുന്നതെന്നും രാജേശ്വരി പറയുന്നു.

ആരെങ്കിലും മത്സരിക്കാന്‍ പറഞ്ഞാല്‍ സ്വതന്ത്രയായി മത്സരിക്കും. അത് പണത്തിനും പദവിക്കും ഒന്നും വേണ്ടിയല്ല, പാവപ്പെട്ടവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ്. പ്രളയകാലത്ത് നാട്ടുകാര്‍ക്കുണ്ടായ ദുരിതങ്ങള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആത്മാര്‍ത്ഥിമായി ആഗ്രഹിക്കുന്നു. ജനങ്ങള്‍ ജയിപ്പിച്ചുവിട്ടാല്‍ ആദ്യപരിഗണന അവരുടെ കാര്യത്തിനായിരിക്കും രാജേശ്വരി പറയുന്നു.