ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന്റെ മാതാവിനായുള്ള അന്വേഷണം എത്തിയത് സിപിഎം ഓഫീസില്‍; പീഡനം കോളജ് മാഗസിന്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍, കുട്ടി സഖാവായ അച്ഛനെ രക്ഷിക്കാന്‍ തന്ത്രങ്ങളുമായി നേതാക്കള്‍, നവജാത ശിശു ഗുരുതരാവസ്ഥയല്‍

സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി യുവതി രംഗത്ത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണമാണ് സിപിഎം ചെര്‍പ്പുളശ്ശേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ എത്തി നില്‍ക്കുന്നത്.
പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിന്‍മേല്‍ മങ്കര പൊലീസ് അന്വേഷണം തുടങ്ങി.

മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി താന്‍ പീഡിപ്പിക്കപ്പെടുകയയിരുന്നു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായകുട്ടി സഖാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

സിപിഎം പോഷക സംഘടന പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കലിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, യുവതിയുടെ വീട്ടില്‍ താന്‍ പോയിരുന്നതായാണ് യുവാവിന്റെ മൊഴിയെന്നാണ് വിവരം. പാര്‍ട്ടി ഓഫീസില്‍ പീഡനമുണ്ടായെന്ന പരാതിയെ കുറിച്ച് തനിക്ക് ഒന്നും അിറയില്ലെന്നും യുവാവ് പറയുന്നു. ഇതിനിടെ, പെണ്‍കുട്ടിയെ യുവാവുമായി വിവാഹം കഴിപ്പിക്കാനും നീക്കമുണ്ട്.

അതേസമയം, ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.