ചെന്നൈ: ജെല്ലിക്കെട്ട് സമരം അക്രമാസക്തമാകുന്നു. സമരാനുകൂലികള്‍ ചെന്നൈയിലെ ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് തീയിട്ടു. ആക്രമണത്തില്‍ സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. സ്ഥിതിഗതികള്‍ ആശങ്കാജനകമായതോടെ തമിഴ്‌നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു വൈകിട്ട് ചേരും. ജല്ലിക്കെട്ട് ബില്‍ പാസാക്കുകയാണ് തമിഴ്നാട് സര്‍ക്കാരിന്റെ ലക്ഷ്യം.
ചെന്നൈയില്‍ പല സ്ഥലങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി. മധുരയിലും സംഘര്‍ഷമുണ്ടായി. നേരത്തെ അളങ്കാനല്ലൂരില്‍ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ചെന്നൈ ട്രിപ്ലിക്കനിലെ ഭാരതിശാലയില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. രാവിലെ ചെന്നൈ മറീന ബീച്ചില്‍ നിന്ന് ജല്ലിക്കട്ട് സമരക്കാരെ പൊലീസ് ഒഴിപ്പിച്ചതോടെയാണ് സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.