ജെല്ലിക്കെട്ട് വിഷയത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയ്ക്ക് നടന് സൂര്യ വക്കീല്‍ നോട്ടീസ് അയച്ചു. എസ്3യുടെ പ്രൊമോഷനിടെ ജെല്ലിക്കെട്ടിനെ അനുകൂലിച്ചും പെറ്റയെ വിമര്‍ശിച്ചും സൂര്യ സംസാരിച്ചത് സിനിമയുടെ വിജയത്തിന് വേണ്ടിയാണെന്ന് പെറ്റ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് സൂര്യ കോടതിയെ സമീപിച്ചത്.
പെറ്റ സി.ഇ.ഒ പൂര്‍വ ജോഷിപുരയ്ക്കും രണ്ട് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് നോട്ടീസ്. ജെല്ലിക്കെട്ടിനു വേണ്ടി ആദ്യമായല്ല താന്‍ സംസാരിക്കുന്നത്. മുന്‍പും ഇതിനു വേണ്ടി ശബ്ദം ഉയര്‍ത്തിയിട്ടുണ്ടെന്ന് സൂര്യ പറയുന്നു. മാത്രമല്ല പെറ്റ ആരോപിക്കുന്നതു പോലെ മോശപ്പെട്ട രീതിയിലുള്ള പരസ്യം തനിക്ക് ആവശ്യമില്ലെന്നും സൂര്യ വ്യക്തമാക്കി.
പെറ്റയുടെ പരാമര്‍ശം സൂര്യയ്ക്കും കുടുംബത്തിനും മാനസിക വിഷമം ഉണ്ടാക്കി. ഇതിന് ക്ഷമാപണം നടത്തണമെന്നാണ് ആവശ്യം. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ രേഖാമൂലം ക്ഷമാപണം നടത്തണം. ക്ഷമാപണത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു.




















