കോളജ് പ്രിന്‍സിപ്പാളിന്റെ കസേര എസ്.എഫ്.ഐ കത്തിച്ച സംഭവം: പരിഹാസവുമായി ജയശങ്കര്‍

കൊച്ചി: ചുവരെഴുത്ത് വിവാദത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ച സംഭവത്തില്‍ വിമര്‍ശനവുമായി് അഡ്വക്കറ്റ് ജയശങ്കര്‍. മഹാരാജാസ് കോളേജിലെ കുട്ടി സഖാക്കള്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചെന്നും ലീവായതു കൊണ്ടാണ് പ്രിന്‍സിപ്പാള്‍ രക്ഷപ്പെട്ടതെന്നും അല്ലെങ്കില്‍ ആയമ്മയെത്തന്നെ കത്തിച്ചേനെയെന്നും ജയശങ്കര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പാലക്കാട് വിക്ടോറിയ കോളേജിലെ സഖാക്കള്‍ പിരിഞ്ഞു പോകുന്ന പ്രിന്‍സിപ്പാളിന്റെ കുഴിമാടമൊരുക്കി പ്രതിഭ തെളിയിച്ചിട്ടുണ്ട്. രണ്ടാം മുണ്ടശേരി എന്ന് ജഗല്‍പ്രസിദ്ധനായ മുന്‍ വിദ്യാഭ്യാസ മന്ത്രി ആ പ്രതിഷ്ഠാപന കലയെ അഭിനന്ദിക്കുകയും ചെയ്തു. പ്രിന്‍സിപ്പാളിന്റെ കസേര സ്വേച്ഛാധിപത്യത്തിന്റെ പ്രതീകമാണെന്നും കസേര കത്തിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഈ വിപ്ലവത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്ക്കാത്തവര്‍ ഫാഷിസത്തെയാണ് പിന്തുണയ്ക്കുന്നതെന്നും രണ്ടാം മുണ്ടശ്ശേരി വ്യാഖ്യാനിച്ചേക്കാം. എന്നാല്‍ രണ്ടാം മുണ്ടശ്ശേരിയെപ്പോലെ വിപ്ലവതത്തീച്ചൂളയില്‍ വിദ്യാഭ്യാസം ഹോമിച്ചയാളല്ല ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയെന്ന് ജയശങ്കര്‍ പറയുന്നു. കൃത്യമായി പഠിച്ച് പരീക്ഷയ്ക്ക് നല്ല മാര്‍ക്കു വാങ്ങി പാസായ, സാക്ഷാല്‍ ജോസഫ് മുണ്ടശ്ശേരി പഠിപ്പിച്ച അതേ കോളേജില്‍ വളരെക്കാലം അധ്യാപകനായിരുന്നു ഇദ്ദേഹം. പെന്‍ഷന്‍ പറ്റിയ ആളുമാണ്.

അതുകൊണ്ട് തന്നെ ചോദിക്കുകയാണ്, രവീന്ദ്രനാഥന്‍ മാഷേ, തൃശ്ശൂര്‍ സെന്റ് തോമസില്‍ ഇതുപോലെ വിപ്ലവ പ്രവര്‍ത്തനം സാധ്യമാണോ? മാഷ് മാഷായിരുന്ന കാലത്ത് മഹാരാജാസിലെ മഹാന്മാരായ മാഷമ്മാരെപ്പോലെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചവരെ അനുകൂലിച്ചു മുദ്രാവാക്യം മുഴക്കി ജാഥ നടത്തിയിട്ടുണ്ടോയെന്നും ജയശങ്കര്‍ ചോദിക്കുന്നു.