നഗരത്തിലെ ഹോട്ടലുകൾ, തട്ടുകടകൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന തുടരുന്നു

പകർച്ചവ്യാധികൾ തടയുന്നതിന് ആഹാര പാനീയ ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹോട്ടലുകൾ, തട്ടുകടകൾ , വഴിയോര ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന സംയുക്ത പരിശോധനയുടെ ഭാഗമായി എറണാകുളം കലൂർ, കടവന്ത്ര പ്രദേശങ്ങളിലെ 8 കടകളിൽ ഇന്ന് ( ജൂലൈ 20 ന്), വൈകിട്ട് പരിശോധന നടത്തി. കുടിവെള്ള പരിശോധനാ റിപ്പോർട്ട് ലഭ്യമല്ലാത്ത 6 കടകളിൽ നിന്ന് കുടിവെളള സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ന്യൂനതകൾ കണ്ടെത്തിയ രണ്ടു കടകളിൽ നിന്ന് 6000 രൂപ പിഴ ഈടാക്കി. കുടിവെള്ള പരിശോധന റിസൽട്ട് ലഭ്യമല്ലാതിരിക്കുക , ഹെൽത്ത് കാർഡിൻ്റെ അഭാവം, പഴയതും ഉപയോഗശൂന്യതയുമായ ആഹാരസാധനങ്ങൾഎന്നിവ കണ്ടെത്തിയ ഒരു കട അടപ്പിക്കുകയും ചെയ്തു.
ഭക്ഷണശാലകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ പരിശോധനകൾ തുടരുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഷാഹിർഷാ അറിയിച്ചു.

പകർച്ച വ്യാധികൾക്ക് ഇടയാക്കുന്ന രീതിയിൽ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും
ആഹാര പാനീയങ്ങൾ തയ്യാറാക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

കൊച്ചി നഗരസഭ പ്രദേശത്ത് നടത്തിയ പ്രത്യേക പരി ശോധനയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് മാരായ സന്തോഷ് കെ റ്റി , ബാബു എം ആർ , കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിലെ ഫുഡ് അനലിസ്റ്റ് ശ്രീല വി ബി , ഹെൽത്ത് ഇൻസ്പെകടർമാരായ ഷൈനി കെ കെ , സംഗീത എം എം , ശ്രീ കല, ഫുഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നും ഫുഡ് സേഫ്റ്റി ഓഫീസർ റാണി ചാക്കോ, എലിസബത്ത് ജെൻസി കൊച്ചി സിറ്റി പോലീസ് വിഭാഗത്തിൽനിന്നുള്ള സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ് , ഷാജഹാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

20/ 7/ 2026
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എറണാകുളം