രാജഗിരി നോളജ് സമ്മിറ്റ് 23 മുതല്‍

കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിക്കുന്ന രാജഗിരി നോളജ് സമ്മിറ്റ് (ആര്‍.കെ.എസ്) 23ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായ റവ. ഫാ. പൗലോസ് കിടങ്ങന്‍ അധ്യക്ഷത വഹിക്കും. ‘പ്രോസ്‌പെരിറ്റി ത്രൂ നോളജ് ‘ എന്നതാണ് നോളജ് സമ്മിറ്റിന്റെ പ്രമേയം.

ജൂലൈ 23 മുതല്‍ 25 വരെ നടക്കുന്ന സമ്മിറ്റില്‍ അക്കാദമിക, വ്യാവസായിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍  ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യവസായ – സംരഭക സൗഹൃദമാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, ഡിജിറ്റല്‍ ബിസിനസ്, ഫിനാന്‍സ്, സോഷ്യല്‍ സയന്‍സസ്, മീഡിയ തുടങ്ങിയ മേഖലകളില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, നെറ്റ്വര്‍ക്കിംഗ് സെഷനുകള്‍ എന്നിവ സംഘടിപ്പിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് ഐ.എ.എസ്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവരടക്കമുള്ള പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

സുനില്‍ പ്രഭാകര്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍), പ്രൊഫ. എദ്ദബ്ബാഹ് മുഹമ്മദ് (പ്രൊഫസര്‍, കാദി അയാദ് സര്‍വകലാശാല, മൊറോക്കോ), ഡോ. ഹരീഷ് രാമനാഥന്‍ (ഡയറക്ടര്‍,  ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് വിഭാഗം, കുസാറ്റ്),  ആനന്ദ് ശര്‍മ്മ (മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്), ഡോ. റോക്സി മാത്യു കോള്‍ (കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയോറോളജി, പൂനെ), ദയാബായി (സാമൂഹ്യ പ്രവര്‍ത്തക) ഡോ. രാജശ്രീ വാര്യര്‍ (നര്‍ത്തക, സംഗീതജ്ഞ), ഡോ. കവിത ബാലകൃഷ്ണന്‍ (കവയിത്രി, കലാചരിത്രകാരി), ഡോ. മൈന ഉമൈബാന്‍ (എഴുത്തുകാരി), അശ്വതി ശ്രീകാന്ത് (ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി, മോട്ടിവേഷണല്‍ സ്പീക്കര്‍) എന്നിവര്‍ സെഷനുകള്‍ നയിക്കും. അധ്യാപകര്‍, ഗവേഷകര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് രാജഗിരി നോളജ് സമ്മിറ്റില്‍ രജിസ്ട്രേഷനിലൂടെ പങ്കെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് ഡയറക്ടര്‍ ഫാ. അജീഷ് പുതുശ്ശേരി സി.എം.ഐ, പ്രിന്‍സിപ്പല്‍ ഡോ. ലാലി മാത്യു, ആര്‍.കെ.എസ്. കണ്‍വീനര്‍മാരായ ഡോ. നീനു കുര്യാക്കോസ്, ഡോ. ഇന്ദു ജി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും : വെബ്സൈറ്റ്: https://rks-26.in , മെയില്‍ ഐഡി: rks@rajagiricollege.edu.in , ഫോണ്‍ നമ്പര്‍: 9946911587, 9061860685