കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്രചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതി ‘പിയദര്‍ശിനി’ എന്ന പേരില്‍ അറിയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ യോഗ തീരുമാനം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓര്‍ഡിനറി ബസിലാണ് ആദ്യം സൗജന്യയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. മാസം 65 കോടിയോളം ബാദ്ധ്യത സര്‍ക്കാരിന് വരും. വര്‍ഷത്തില്‍ 800 കോടിരൂപയോളം കെഎസ്ആര്‍ടിസിക്ക് വരുമാനകുറവ് വരും. അതു സര്‍ക്കാര്‍ നല്‍കും. ഇപ്പോള്‍ ഒരു വര്‍ഷം 1500 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൊടുക്കുന്നുണ്ട്. അതിനൊപ്പം ഇതും നല്‍കും. ആദ്യം ഘട്ടമെന്ന രീതിയിലാണ് ഓര്‍ഡിനറിയില്‍ സൗജന്യയാത്ര നല്‍കുന്നത്. കെഎസ്ആര്‍ടിസിയുടെ നിലമെച്ചപ്പെടുത്തിയിട്ട് രണ്ടാം ഘട്ടത്തെക്കുറിച്ച് ആലോചിക്കും. സ്വന്തമായി വരുമാനം ഉണ്ടാക്കാന്‍ കെഎസ്ആര്‍ടിസിയെ പ്രേത്സാഹിപ്പിക്കും. എല്ലാകാര്യങ്ങളെ കുറിച്ചും പഠിക്കാനാണ് ആദ്യം ഓര്‍ഡിനറിയില്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.