സൈനികരുടെ ദുരവസ്ഥ തുറന്നുകാട്ടിയ ജവാനെ കുറ്റപ്പെടുത്തി ബി.എസ്.എഫ് രംഗത്ത്: മദ്യപനും സ്ഥിരം കുറ്റവാളിയെന്നും ആരോപണം

ന്യൂഡല്‍ഹി: അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്നത് മോശം ഭഷണമാണെന്ന് വീഡിയോ തെളിവുകള്‍ സഹിതം പ്രതികരിച്ച സൈനികനെ സ്ഥിരം കുറ്റവാളിയും മദ്യപനുമായി ചിത്രീകരിച്ച ബി.എസ്.എഫ്. അതിര്‍ത്തിയില്‍ സൈന്യം നേരിടുന്ന ബുദ്ധിമുട്ട്, ദൃശ്യങ്ങളിലൂടെ രാജ്യത്ത് ചര്‍ച്ചയായതിന് പിന്നാലെയാണ് സംഭവം പുറത്തുവിട്ട സൈനികനെ മോശക്കാരനായി ചിത്രീകരിച്ച് ബി.എസ്.എഫ് പത്രക്കുറിപ്പ് ഇറക്കിയത്.

മോശം കാലാവസ്ഥയിലും വേണ്ടത്ര സൗകര്യവും സജ്ജീകരണങ്ങളുമില്ലാതെയാണ് തങ്ങള്‍ കഴിയുന്നതെന്നും ആവശ്യത്തിനു പരിഗണനയോ നല്ല ഭക്ഷണമോ സേനാംഗങ്ങള്‍ക്കു ലഭിക്കാറില്ലെന്നും തേജ് യാദവ് പോസ്റ്റില്‍ പറയുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണു ജോലി. മഞ്ഞാണെങ്കിലും മഴയാണെങ്കിലും 11 മണിക്കൂറോളം നിന്നാണു ജോലി ചെയ്യുന്നത്. പരിപ്പുകറിയില്‍ വെറും മഞ്ഞളും ഉപ്പും മാത്രമേയുള്ളൂ, ഒരു രുചിയുമില്ല. 10 ദിവസമായി ഈ ഭക്ഷണം തന്നെയാണു ലഭിക്കുന്നത്. ഇത്തരമൊരു ഭക്ഷണം കഴിച്ചുകൊണ്ട് ഒരു ബിഎസ്എഫ് ജവാന് 10 മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ കഴിയുമോ ?

സര്‍ക്കാരിനെ തങ്ങള്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല. കാരണം ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവിടുന്നു ലഭിക്കുന്നുണ്ട്. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തങ്ങളെ പരിഗണിക്കാത്തത്. തങ്ങള്‍ക്കു ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും സൈനികര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചന്തയില്‍ വിറ്റു കാശാക്കുകയാണെന്നും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി അന്വേഷിക്കണമെന്നും രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സൈനികന്‍ ആവശ്യപ്പെടുന്നു.

സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാന്‍ തേജ് ബഹാദൂര്‍ യാദവാണ് പട്ടാളക്കാര്‍ക്കു ലഭിക്കുന്ന ഗുണമേന്മയില്ലാത്ത ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സേനാംഗങ്ങള്‍ നേരിടുന്ന ചൂഷണം വ്യക്തമാക്കുന്ന സംഭവത്തിനു പിന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണെന്നും സൈനികന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതതോടെ ബി.എസ്.എഫിന് എതിരെ വിവിധ ഭാഗങ്ങളില്‍നിന്നും ശബ്ദമുയര്‍ന്നു. ഇതോടെയാണ് മുഖംരക്ഷിക്കാനായി സൈനികനെ കുറ്റപ്പെടുത്തി ബി.എസ്.എഫ് രംഗത്തെത്തിയത്.

പണ്ടുമുതലേ പ്രശ്‌നക്കാരനാണ് ആരോപണമുന്നയിച്ച പട്ടാളക്കാരനെന്ന് പത്രക്കുറിപ്പില്‍ ബി.എസ്.എഫ് കുറ്റപ്പെടുത്തുന്നു. ‘അനുവാദമില്ലാതെ എപ്പോഴും അവധിയെടുക്കുന്ന ആളാണ് തേജ് യാദവ്. മാത്രമല്ല, സ്ഥിരം മദ്യപനും മുതിര്‍ന്ന ഉദ്യോഗസ്ഥരോടു മോശമായി പെരുമാറുന്ന ആളുമാണ്. അതുകൊണ്ടുതന്നെ സൈനിക ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥനു കീഴില്‍തന്നെ ഏറെക്കാലം പണിയെടുക്കേണ്ടിവന്നിരുന്നു’ – ബിഎസ്എഫ് പ്രസ്താവനയില്‍ പറയുന്നു. വീഡിയോ വൈറലായതോടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

ജവാന്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍