ജോലി കിട്ടാന്‍ ജ്യോതിഷം നോക്കാനെത്തി; ജ്യോത്സ്യ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഓടി രക്ഷപ്പെട്ടു

മംഗലുരു: ജോലി കിട്ടാത്തതിന് പരിഹാരം തേടിയെത്തിയപ്പോള്‍ ജോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി. മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ജ്യോതിഷിക്ക് എതിരേയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. തൊഴിലന്വേഷകയായ ബിരുദാനന്തര ബിരുദധാരിയായ യുവതിയുടേതാണ് പരാതി.

വഞ്ചനാക്കുറ്റത്തിന് നേരത്തേ പോലീസ് അറസ്റ്റ് ചെയ്ത ജ്യോത്സ്യനെതിരെയാണ് യുവതിയുടെ ഗുരുതരമായ ആരോപണം. ജ്യോത്സ്യന്‍ തന്നില്‍ നിന്നും 9000 രൂപ തട്ടിയെടുത്തെന്നും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ ആരോപണത്തില്‍ പറഞ്ഞിട്ടുണ്ട്. പീഡനശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടതായും ഇവര്‍ പറഞ്ഞിട്ടുണ്ട്.

ജോലി കിട്ടാത്ത സാഹചര്യത്തില്‍ ആത്മീയമായ പരിഹാരം തേടിയാണ് യുവതി എത്തിയത്. എന്നാല്‍ കയ്യില്‍ നിന്നും പണം വാങ്ങിയ ജ്യോത്സ്യന്‍ പിന്നീട് പീഡിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ യുവതി ഓടി രക്ഷപ്പെടുകയും മാനഹാനി ഭയന്ന് സംഭവം പുറത്തു പറയാതിരിക്കുകയുമായിരുന്നു. ജ്യോതിഷിക്കെതിരേ നേരത്തേ ചില യുക്തിവാദികള്‍ നല്‍കിയ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് യുവതിയും യുക്തിവാദികള്‍ വഴി പരാതി സമര്‍പ്പിച്ചത്.