തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കളെ പഠിപ്പിക്കുന്നത് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ തന്നെയാണോ എന്നത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് കണക്കെടുപ്പ് നടത്തുന്നു. സ്കൂളുകളിലെ അധ്യാപകരില്‍ നിന്നും അതാത് ഹെഡ്മാസ്റ്റര്മാര് ഈ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.
ഇതിനിടെ, കുട്ടികളെ നിശ്ചിത സ്കൂളുകളില്‍ പഠിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്കൂളുകള്‍ നിരോധിക്കാത്ത സാഹചര്യത്തില്‍ ഇത്തരം ഒരു നീക്കത്തിന് നിയമസാധുതയില്ലെന്നും ആരോപണമുണ്ട്.
എന്നാല്‍, സര്‍ക്കാരില്‍ നിന്നു വേതനം പറ്റുന്നവര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥഥാനത്തില്‍ മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.