ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും നൂറോളം പേരെ കാണാതായി

ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും എട്ട് സൈനികർ അടക്കം നൂറോളം പേരെ കാണാതായി. നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വിനോദ സഞ്ചാരികളും തീർത്ഥാടകരും വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലമാണിത്. ദുരന്തത്തിൽ 50ഓളം വീടുകളും 20 ഹോട്ടലുകളും പൂർണമായും തകർന്നു. ഗ്രാമത്തിന് ഏഴ് കിലോമീറ്റർ അകലെയുള്ള ഹർഷീലിലെ സൈനിക ക്യാമ്പ് തകർന്നാണ് സൈനികരെ കാണാതായത്. പ്രദേശത്ത് സൈന്യവും വിവിധ സേനാവിഭാഗങ്ങളും തിരച്ചിൽ തുടരുകയാണ്.