പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികത്തുക ഉയര്‍ത്തി. ഇനിമുതല്‍ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റം അറിയിക്കുന്നതില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാനാണിത്. വിവരം നല്‍കുന്നവര്‍ക്ക് ഇതുവരെ 2500 രൂപയായിരുന്നു നല്‍കിയിരുന്നത്. ഗുരുതരമായ കുറ്റകൃത്യം അറിയിക്കുന്നവര്‍ക്ക് ഉയര്‍ന്ന പാരിതോഷികം നല്‍കുമെന്ന് അധികൃതർ വ്യക്തമാക്കി. ഹരിതകര്‍മസേനാംഗങ്ങള്‍, എന്‍എസ്എസ് വൊളന്റിയര്‍മാര്‍, എസ്പിസി കേഡറ്റുകള്‍, കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവിഭാഗത്തെയും നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. സിംഗിള്‍ വാട്‌സാപ്പ് നമ്പറായ 9446700800ല്‍ കൂടുതല്‍ പരാതികള്‍ അയക്കാം. മാലിന്യം വലിച്ചെറിയുന്നതും പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം സംബന്ധിച്ചുമുള്ള 8674 പരാതികളാണ് ഇതുവരെ ലഭിച്ചത്. കൃത്യവിവരമുള്ള 5361 പരാതികള്‍ സ്വീകരിച്ചു. ഇതില്‍ 4525 എണ്ണത്തിലും മാലിന്യം നീക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു. 439 പരാതികളില്‍ 33.5 ലക്ഷം രൂപ പിഴ ചുമത്തി. 31 പേര്‍ക്കെതിരേ നിയമനടപടികളും തുടങ്ങി. ഏറ്റവുമധികം പരാതികള്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. കുറവ് വയനാടും. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവില്‍ അയ്യായിരം രൂപവരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാല്‍ അയ്യായിരംമുതല്‍ അന്‍പതിനായിരം രൂപവരെയാണ് പിഴ. മാലിന്യമോ ചവറോ വിസര്‍ജ്യവസ്തുക്കളോ ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ പതിനായിരം മുതല്‍ അന്‍പതിനായിരം രൂപവരെ പിഴയും ആറുമാസംമുതല്‍ ഒരു വര്‍ഷംവരെ തടവും ലഭിക്കും.



















