ഇന്ന് രാജ്യാന്തര നഴ്സസ് ദിനം. ലോകമെങ്ങുമുള്ള നഴ്സുമാരുടെ അക്ഷീണമായ സേവനത്തെയും പ്രതിജ്ഞാബദ്ധതയെയും കൊണ്ടാടാനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ നഴ്സസ് ദിനവും. കോവിഡ് സമയങ്ങളിൽ ഉൾപ്പെടെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായി നിന്ന്, കരുത്തിന്റെയും കരുതലിന്റെയും അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെയും പര്യായമായി മാറിയ നഴ്സുമാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് ലോകം ഇന്ന് രാജ്യാന്തര നഴ്സസ് ദിനം ആചരിക്കുന്നു. ആധുനിക നഴ്സിങ്ങിന്റെ അഗ്രഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിങ്ഗേലിന്റെ ജന്മവാര്ഷിക ദിനമായ മെയ് 12 ആണ് രാജ്യാന്തര നഴ്സസ് ദിനമായി കൊണ്ടാടി വരുന്നത്. ക്രിമിയന്‍ യുദ്ധകാലത്ത് ആരോഗ്യപരിചരണ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴികാട്ടിയായ ഫ്ളോറന്‍സ് നൈറ്റിങ്ഗേലാണ് നഴ്സിങ് എന്ന പ്രഫഷണല്‍ വ്യവസ്ഥയ്ക്ക് അടിത്തറ പാകിയത്. ഫ്ളോറന്‍സ് നൈറ്റിങ്ഗേലിന്റെ പാരമ്പര്യം ഇന്നും നഴ്സുമാരുടെ പല തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ മലയാളി നഴ്സുമാർ അവരുടെ പ്രൊഫഷണലിസവും മനുഷ്യത്വ സമീപനവും കൊണ്ട് ശ്രദ്ധേയരാണ്. പല വികസിത രാജ്യങ്ങളിലെയും ആരോഗ്യമേഖലയുടെ വളർച്ചയിൽ കേരളത്തിലെ നഴ്സിംഗ് സമൂഹത്തിന് വലിയ പങ്കുണ്ട്.സാന്ത്വനത്തിന്റെ നനുത്ത സ്പര്‍ശവുമായി, നമുക്കിടയില്‍ ജീവിക്കുന്ന മണ്ണിലെ മാലാഖമാര്‍ക്ക് ഒരായിരം സ്തുതി.



















