അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

കേരളത്തിലെ സൗജന്യ അപൂർവ രോഗ ചികിത്സാ പദ്ധതിയായ കെയറിനെ ആഗോള ന്യൂറോമസ്‌ക്യുലാർ വിദഗ്ധനും യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഗ്രേറ്റ് ഓർമോൻഡ് സ്ട്രീറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിലെ അസോ. പ്രൊഫസറുമായ ഡോ. ജിയോവാന്നി ബാരനെലോ അഭിനന്ദിച്ചു. അപൂർവ രോഗ ചികിത്സാ രംഗത്ത് കഴിഞ്ഞ വർഷമാണ് കേരളം ആദ്യമായി സൗജന്യ ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് ഒരു പോളിസി സംസ്ഥാനത്തു ആവിഷ്‌ക്കരിച്ചിരുന്നതായും ആരോഗ്യമന്ത്രി വീണ ജോർജ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി . രാജ്യത്ത് ആദ്യമായാണ് അപൂർവ രോഗങ്ങൾക്ക് ഇത്തരത്തിലൊരു ചികിത്സാ പദ്ധതി നടപ്പിലാക്കുന്നത്. ആഗോള തലത്തിൽ കേരളത്തിന്റെ ‘കെയർ’ പദ്ധതി ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കി . അഡ്വാൻസസ് ഇൻ പീഡിയാട്രിക് ന്യൂറോ മസ്‌ക്യുലാർ ഡിസീസസ് 2025 തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിച്ചുകൊണ്ട് സെമിനാറിൽ പങ്കെടുത്ത അന്താരാഷ്ട്ര, ദേശിയ ഫാക്കൽറ്റികളുടെ സാന്നിധ്യത്തിൽ കേരളത്തിന്റെ കെയര്പദ്ധതിയെ കുറിച്ചും എസ്.എം.എ. പോലെ ചെലവേറിയ ചികിത്സയുള്ള അപൂർവ രോഗങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു .