ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തൻ നിര്‍ദേശം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തണം എന്ന ആവശ്യപ്പെട്ട് ബിസിസിഐക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ഐപിഎല്‍ വേദികളിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിലടക്കം മദ്യത്തിന്റെയും പുകയിലയുടെയും പരസ്യങ്ങളും അതിന് പകരംവെക്കുന്നതിന്റെ പ്രമോഷനുകളും നിരോധിക്കണം എന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നൽകിയത്. പുകയില, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് കളിക്കാരെയും, കമന്റേറ്റര്‍മാരെയും, മറ്റ് പങ്കാളികളെയും നിരുത്സാഹപ്പെടുത്തണം എന്ന് കത്തില്‍ ഐപിഎല്‍ അധികൃതരോട് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് ക്രിക്കറ്റ് താരങ്ങള്‍ മാതൃക കാണിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ കായിക വേദിയായ ഐപിഎല്‍, പൊതുജനാരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാമൂഹികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം വഹിക്കണമെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.