കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആണെന്ന് ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, നഷ്ടപരിഹാര നയത്തിൽ കേന്ദ്ര നിലപാട് തേടി സുപ്രീം കോടതി

കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആണെന്ന് ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാനാകുമോ എന്നതിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. കോവിഡ് വാക്സീനാണ് ഭർത്താവിന്റെ അകാല മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി മലയാളിയായ കെ.എ. സയ്തയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടിയത്. കോവിഡ് മരണങ്ങളെയും കോവിഡ് വാക്സീൻ മരണങ്ങളെയും വേർതിരിച്ച് പരിഗണിക്കേണ്ടതില്ലെന്നു വാക്കാൽ നിരീക്ഷിച്ച ജസ്റ്റിസുമാരായ വിക്രം നാഥിന്റെയും സന്ദീപ് മേത്തയുടെയും ബെഞ്ച് 3 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഹർജി അടുത്തമാസം 18ന് കോടതി വീണ്ടും പരിഗണിക്കും.