രാജ്യത്ത് സ്ത്രീകളിലെ അർബുദം തടയുന്ന വാക്സിൻ 6 മാസത്തിനുള്ളിൽ പുറത്തിറക്കും എന്ന് കേന്ദ്രസർക്കാർ. 9 മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിന്റെ കുത്തിവെപ്പ് എടുക്കാൻ സാധിക്കുക എന്ന് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് വ്യക്തമാക്കി. വാക്സിന്റെ ഗവേഷണം പൂർത്തിയായെന്നും ആരോഗ്യവകുപ്പ് സഹമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് അർബുദ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അർബുദത്തെ പ്രതിരോധിക്കുന്നതിനായി നിരവധി നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നുണ്ട്. 30 വയസിന് മുകളിലുള്ളവരെ ആശുപത്രികളിൽ പരിശോധനക്ക് വിധേയമാക്കുകയും അർബുദം വേഗത്തിൽ കണ്ടെത്താൻ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അർബുദ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്. സ്തനാർബുദം, ഗർഭാശയ അർബുദം, വായിലെ അർബുദം തുടങ്ങിയവയെ വാക്സിൻ പ്രതിരോധിക്കും. നിലവിലുള്ള ആരോഗ്യകേന്ദ്രങ്ങളെ ആയുഷ് കേന്ദ്രങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും നിലവിൽ 12,500 ആയുഷ് കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.





















