രാജ്യത്ത് രോഗങ്ങളുടെ പ്രാദേശിക വകഭേദങ്ങളെ പ്രതിരോധിക്കാൻ അതനുസരിച്ചു പ്രത്യേകമായി തയാറാക്കുന്ന വൈദ്യശാസ്ത്ര പരിഹാരങ്ങൾ വികസിപ്പിക്കണം എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. വാക്സീൻ, ആന്റിബയോട്ടിക്സ്, ജീൻ തെറപ്പി എന്നിവ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ജീനോമിക് സീക്വൻസിങ്ങിലും ബയോ മാനുഫാക്ചറിങ്ങിലും ലോകത്തെ നയിക്കുന്ന ശക്തിയായി ഇന്ത്യയെ മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പുതുതായി നിർമിച്ച പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന ബ്ലോക്കും, പേവാർഡ്, കണക്ടിങ് ബ്രിജ്, ബഹുനില കാർ പാർക്കിങ് തുടങ്ങിയവയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അടുത്ത 3 വർഷത്തിനകം രാജ്യത്തെ എല്ലാ ജില്ലകളിലും ഡേകെയർ സംവിധാനം ഒരുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ജെ.പി.നഡ്ഡ കൂട്ടിച്ചേർത്തു.