ആത്മഹത്യ ചെയ്ത വ്യക്തിയുടെ ബീജം വീണ്ടെടുക്കാനും സംരക്ഷിക്കാനും കുടുംബത്തിന് ഡൽഹി ഹൈക്കോടതി അനുമതി നൽകിയാതായി റിപ്പോർട്ട്. പിഎംഎസ്ആർ വഴി ബീജം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത യുവാവിന്റെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് സച്ചിൻ ദത്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വേർതിരിച്ചെടുത്ത ബീജം നടപടിക്രമം നടത്തുന്ന ആശുപത്രി തന്നെ സംരക്ഷിക്കണമെന്ന് ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി. ഹർജിയിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ച കോടതി, ബീജം വീണ്ടെടുക്കൽ വേഗത്തിൽ നടത്തിയാൽ മാത്രമേ ഫലപ്രദമാകൂ എന്നതിനാൽ, വിഷയത്തിന്റെ അടിയന്തരാവസ്ഥ കണക്കിലെടുത്താണ് നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കി. മരണാനന്തര പുനരുൽപാദനത്തെക്കുറിച്ചുള്ള ഹൈക്കോടതി വിധി പ്രകാരം, ബീജ സാമ്പിൾ ഇന്ത്യൻ നിയമപ്രകാരം സ്വത്താണെന്നും അതിനാൽ മരിച്ച ഒരാളുടെ എസ്റ്റേറ്റിന്റെ ഭാഗമാണെന്നും ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. ഈ കേസ് ജൂലൈ 8 ന് വീണ്ടും പരിഗണിക്കും.



















