മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ തളിപ്പറമ്പ് മാതൃകയില്‍ ജില്ലയിലെ മുഴുവന്‍ നഗരങ്ങളിലെയും കുടിവെള്ളസ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കുമെന്നു ആരോഗ്യ വകുപ്പ്

ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണമുള്ള മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ തളിപ്പറമ്പ് മാതൃകയില്‍ ജില്ലയിലെ മുഴുവന്‍ നഗരങ്ങളിലെയും കുടിവെള്ളസ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കുമെന്നു ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പ് ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളിലെ നീര്‍ച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ രേഖപ്പെടുത്തി കുടിക്കാന്‍ യോഗ്യമാണോ എന്ന് പരിശോധിക്കും. കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണതിനായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. തളിപ്പറമ്പില്‍ മഞ്ഞപ്പിത്തം നിയന്ത്രിക്കുന്നതിനുള്ള ഉറവിട പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുകയാണ്. മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒന്‍പത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് 400 വീടുകള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.