വീട്ടില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

വീട്ടില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനിയായ 24കാരിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കില്‍ വീട്ടില്‍വെച്ചുതന്നെ പ്രസവം നടക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. വിവരമറിഞ്ഞ് മലയിന്‍കീഴ് താലൂക്ക് ഹെഡ്‌കോര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ആംബുലന്‍സ് പൈലറ്റ് അനന്തന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അഞ്ജന എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് അഞ്ജന, അമ്മയുടെയും കുഞ്ഞിന്റെയും പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തുകയും ആംബുലന്‍സ് പൈലറ്റ് അനന്തന്‍ ഇരുവരെയും ഉടന്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.