അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ ജാപ്പനീസ് ഭക്ഷണക്രമം നിര്‍ണ്ണായകമെന്ന് പുതിയ പഠനം. ജാപ്പനീസ് ഭക്ഷണക്രമത്തില്‍ കാണപ്പെടുന്ന ന്യൂക്ലിക് ആസിഡുകള്‍ക്ക് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനാകുമെന്ന് ഒസാക മെട്രോപോളിറ്റന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എല്ലാ ജീവജാലങ്ങളിലും നാം കഴിക്കുന്ന ഭക്ഷണത്തിലുമെല്ലാം കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണ് ന്യൂക്ലിക് ആസിഡുകള്‍. പരമ്പരാഗത ജാപ്പനീസ് ഭക്ഷണങ്ങളായ സാല്‍മണിലും ചിലതരം യീസ്റ്റിലുമെല്ലാം വലിയ തോതില്‍ ന്യൂക്ലിക് ആസിഡ് കണികകള്‍ അടങ്ങിയിട്ടുണ്ട്. ആണ് സാല്‍മണ്‍ മീനുകളുടെ ബീജം അടങ്ങിയ ദ്രാവകത്തില്‍ നിന്നും രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന ടോറുള യീസ്റ്റില്‍ നിന്നും വേര്‍തിരിച്ച രണ്ട് ന്യൂക്ലിക് ആസിഡ് സംയുക്തങ്ങളാണ് പഠനം നടത്താനായി ഉപയോഗിച്ചത്. ഈ സംയുക്തങ്ങള്‍ ഗ്വാനോസിന്‍ എന്ന സംയുക്തങ്ങളെ ഉത്പാദിപ്പിച്ചതായും ഗ്വാനോസിന്‍ അര്‍ബുദ കോശങ്ങള്‍ പെരുകുന്നത് തടയുന്നതായും ഗവേഷകര്‍ ലാബില്‍ നിരീക്ഷിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് പ്ലോസ് വണ്ണില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.